അനർട്ട്- പിഎം കുസും അഴിമതി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

ഫൊറന്‍സിക് ഓഡിറ്റും നിയമസഭാ സമിതിയുടെ അന്വേഷണവും ആവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
രമേശ് ചെന്നിത്തല, പിണറായി വിജയൻ
രമേശ് ചെന്നിത്തല, പിണറായി വിജയൻSource; Facebook
Published on

അനർട്ട്- പിഎം കുസും അഴിമതി വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. ഫൊറന്‍സിക് ഓഡിറ്റും നിയമസഭാ സമിതിയുടെ അന്വേഷണവും ആവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.

കത്തിന്റെ പൂർണരൂപം;

തിരുവനന്തപുരം

24 ജൂലൈ 2025

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നലകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടില്‍ 100 കോടിയില്‍ പരം രൂപയുടെ അഴിമതി നടക്കുന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഞാന്‍ പുറത്തു വിട്ടിരുന്നു. ഈ സൗരോര്‍ജ പദ്ധതിയുടെ മറവില്‍ അനര്‍ട്ടിലെ ഒരു ഗൂഢസംഘം വൈദ്യുത മന്ത്രാലയത്തിന്റെ അറിവോടു കൂടി ക്രമവിരുദ്ധമായ നിരവധി കാര്യങ്ങളാണ് കാണിച്ചു കൂട്ടുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ സംഘം നടത്തിയിരിക്കുന്നത്.

1. വെറും അഞ്ചു കോടി രൂപ മാത്രം ടെണ്ടര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ ഈ പദ്ധതിക്കു വേണ്ടി 240 കോടിക്കാണ് ടെണ്ടര്‍ വിളിച്ചത്. ഇത് ആരുടെ അനുമതിയോടെയാണ് എന്നു വ്യക്തമാക്കണമെന്ന് വൈദ്യുത മന്ത്രിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം മറുപടി പറയാന്‍ തയ്യാറായിട്ടില്ല. വൈദ്യുത മന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരം ടെന്‍ഡര്‍ ചെയ്യാനാവില്ല. ഇതിന് അനുമതി കൊടുക്കാനുള്ള സാഹചര്യം വ്യക്തമാക്കണം.

രമേശ് ചെന്നിത്തല, പിണറായി വിജയൻ
കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവെന്ന് പ്രാഥമിക നിഗമനം, ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

2. കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത ആദ്യത്തെ ടെണ്ടര്‍ റദ്ദാക്കിയിട്ടാണ് രണ്ടാമത്തെ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ആദ്യത്തെ ടെണ്ടര്‍ റദ്ദാക്കാനുള്ള സാഹചര്യം എന്തായിരുന്നു. കേന്ദ്രം നിശ്ചയിച്ച അടിസ്ഥാനവിലയില്‍ നിന്ന് 145 ശതമാനം വരെ വ്യത്യാസത്തിലാണ് രണ്ടാമത്തെ ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നത് പുറത്തുവിടണം. പല കമ്പനികളും ക്വോട്ട് ചെയ്തതിനേക്കാള്‍ കൂടിയ തുകയ്ക്ക് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ തുറന്ന ശേഷം തിരുത്തിയിട്ടുമുണ്ട്. ഇതൊക്കെ ഗുരുതരമായ ക്രമക്കേടുകളാണ്. ഇതെല്ലാം ചെയ്തത് സി.ഇ.ഒയും അദ്ദേഹത്തിന്റെ സ്വന്തക്കാരനായ താല്‍ക്കാലിക ജീവനക്കാരനും ചേര്‍ന്നാണ്. ഇത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് എന്ന് കണ്ടെത്തണം.

3. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ നിയമിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ മാര്‍ഗരേഖയുണ്ട്. എന്നാല്‍ അതിന്റെ നഗ്നമായ ലംഘനമാണ് അനര്‍ട്ടില്‍ നടന്നത്. അനര്‍ട്ടിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ആളെ പ്രത്യേക ശുപാര്‍ശയില്‍ സ്വപ്നസുരേഷ് മോഡലില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ EY യില്‍ നിയമനം നടത്തുന്നു. സിഇഒ നേരിട്ടു ശുപാര്‍ശ ചെയ്ത പ്രകാരം അനർട്ടിൽ നിന്നു വിടുതൽ നൽകി പിറ്റേന്നു അനര്‍ട്ടിലേക്ക് തന്നെ കണ്‍സള്‍ട്ടന്റായി അയയ്ക്കുന്നതായി കാണിച്ച് EY മെയിൽ അയയ്ക്കുന്നു. ഇതൊന്നും മുന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഗതികളാണ്. അങ്ങേയറ്റം ക്രമവിരുദ്ധമാണ്.

4. സ്ഥാപനത്തിന്റെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ പോലും ഇരുട്ടില്‍ നിര്‍ത്തി താല്‍ക്കാലിക ജീവനക്കാരും കണ്‍സള്‍ട്ടിങ് സ്ഥാപനമായ EY യും ചേര്‍ന്ന ഒരു ഗൂഢസംഘം അനര്‍ട്ട് സിഇഒയ്‌ക്കെപ്പം പ്രവര്‍ത്തിച്ചു എന്നാണ് മനസിലാകുന്നത്. വൈദ്യുത മന്ത്രിയുടെ പൂര്‍ണ പിന്തുണയില്ലാതെ ഇത്രയേറെ ക്രമക്കേടുകള്‍ കാട്ടാനുള്ള ധൈര്യം അനര്‍ട്ട് സിഇഒ യ്ക്കില്ല. തന്റെ അധികാരപരിധിക്കു പുറത്തു വരുന്ന കാര്യങ്ങളാണ് സിഇഒ ചെയ്തിരിക്കുന്നത്. ടെണ്ടര്‍ തുറക്കുന്നതു പോലെയുള്ള തന്ത്രപ്രധാനകാര്യങ്ങളില്‍ നിന്ന് ഫിനാന്‍സ് വകുപ്പിനെ പൂര്‍ണമായും മാറ്റി നിര്‍ത്തി ഈ താല്‍ക്കാലിക ജീവനക്കാരനും കണ്‍സള്‍ട്ടിങ് കമ്പനിയായ EYയുമാണ് കാര്യങ്ങള്‍ ചെയ്തത്. ഇത് അഴിമതിയും ക്രമക്കേടും നടത്താനാണ് എന്നത് പകല്‍പോലെ വ്യക്തമാണ്. കുറഞ്ഞ തുകയ്ക്ക് കമ്പനികള്‍ കോണ്‍ട്രാക്ട് എടുക്കാന്‍ തയ്യാറായ ആദ്യത്തെ ടെണ്ടര്‍ എന്തിനു റദ്ദാക്കി, ഇത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ വൈദ്യുത മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

5. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പയെടുത്തിട്ടാണ് വൈദ്യുത വകുപ്പ് ഈ അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്. വായ്പയെടുത്തു പോലും അഴിമതി നടത്തുന്ന ചമ്പല്‍സംഘമായി വൈദ്യുത വകുപ്പ് മാറിയിരിക്കുന്നു. ഇതേ സമയം തന്നെ കുസും പദ്ധതിയില്‍ കേന്ദ്രം അനുവദിച്ച തുക വിനിയോഗിക്കാത്തതിന്റെ പേരില്‍ നല്‍കിയ പണം തിരിച്ചടയ്‌ക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായി. കുസും പദ്ധതിയുമായി മാത്രം ബന്ധപ്പെട്ടല്ല, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും കോടികളുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.

രമേശ് ചെന്നിത്തല, പിണറായി വിജയൻ
"സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചു"; വിനായകനെതിരെ ഡിജിപിക്ക് പരാതി

6. എന്നാല്‍ ഈ വിഷയത്തില്‍ അനര്‍ട്ട് സിഇഒയെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണത്തിന് ഉത്തരവിടാനുള്ള മര്യാദ പോലും വൈദ്യുത മന്ത്രി കാണിച്ചിട്ടില്ല. ഈ ക്രമക്കേടില്‍ വൈദ്യുത മന്ത്രിക്കും പങ്കുണ്ട് എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ബന്ധപ്പെട്ട വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം.

ധനവകുപ്പിന്റെ ഒരു മിന്നല്‍ പരിശോധന അനര്‍ട്ടില്‍ നടന്നതായി മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ഇത് വെറും പ്രഹസനം മാത്രമാണ്. എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ട് ക്രമക്കേടുകള്‍ മൂടിവെക്കാമെന്നു കരുതണ്ട. കഴിഞ്ഞ അഞ്ചു വര്‍ഷമായി അനര്‍ട്ടില്‍ നടക്കുന്ന മുഴുവന്‍ ഇടപാടുകളും ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണം. നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. എന്നാല്‍ മാത്രമേ അഴിമതിയുടെ പൂര്‍ണ ചിത്രം പുറത്തു വരികയുള്ളു.

ഈ വിഷയത്തില്‍ അങ്ങ് അടിയന്തിരമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു. അനര്‍ട്ട് സിഇഒയെ മാറ്റി നിര്‍ത്തിക്കൊണ്ട് അവിടെ നടന്ന ഇടപാടുകള്‍ പരിശോധിക്കണം. ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണം.

എന്ന്

രമേശ് ചെന്നിത്തല

അനർട്ട് വഴിയുള്ള പിഎം കുസും സോളാർ പമ്പ് പദ്ധതിയിൽ അഴിമതി എന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. നബാർഡിൽ നിന്ന് 175 കോടിയുടെ വായ്പ എടുക്കുന്നതിൽ ക്രമേക്കടുണ്ടെന്ന് രമേശ് ചെന്നിത്തലായണ് ആരോപണം ഉയർത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com