

സന്നിധാനം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ് സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. അയ്യപ്പനെ സേവിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു.
ശബരിമലയിൽ മേൽശാന്തിയാകാൻ അഞ്ച് തവണ അപേക്ഷ നൽകിയിരുന്നുവെന്നും സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു. എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. കോഴിക്കോട് വടകര സ്വദേശിയാണ് ഇദ്ദേഹം. പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ് എ ദാമോദരൻ നമ്പൂതിരി.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി.അർജുനൻ്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശർമദ.ആർ. വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. തൃപ്പൂണിത്തുറ ലക്ഷ്മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വരയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.
ശബരിമല സ്പെഷ്യല് കമ്മീഷണര് ആര്. ജയകൃഷ്ണന്, ദേവസ്വം കമ്മീഷണര് ബി. സുനില്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ പൂജകള്ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഉഷ പൂജയ്ക്ക് ശേഷമാണ് മേല്ശാന്തിമാരെ തെരഞ്ഞെടുത്തത്. പതിറ്റാണ്ടുകള്ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില് ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്ക്കുണ്ട്. തുലാമാസ പൂജകള് പൂര്ത്തിയാക്കി ഒക്ടോബര് 22ന് രാത്രി പത്തിന് നടയടക്കും. തുടര്ന്ന് അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും