

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ ജയിലിലേക്ക് മാറ്റി. ശനിയാഴ്ചയാണ് തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംഐസിയുവിൽ പ്രവേശിപ്പിച്ചത്. തന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഇന്ന് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് തന്ത്രിയുടെ ഇസിജി അടക്കമുള്ളവ പരിശോധിച്ചു. ഹൃദയസംബന്ധമായ പ്രശനങ്ങൾ അറിയാനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തിയിരുന്നു.
എന്നാൽ ഫലം വന്നപ്പോൾ ഡ്രോപ്പ് ടെസ്റ്റിൽ ഡോക്ടർമാർ ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇതിൽ കൂടുതൽ പരിശോധനകൾ നടത്താനായാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ കാർഡിഗോളജി വിഭാഗം മേധാവി തന്ത്രിയെ പരിശോധിച്ചു. കൂടുതൽ പരിശോധനകൾക്കും നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒൻപതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നു എന്നും തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്.