തിരുവനന്തപുരം: പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. ഗാന്ധിയുടെ ദിശയിൽ പുരോഗതി നേടിയ ഏക സംസ്ഥാനം കേരളമാണ്. പഞ്ചായത്തിരാജിൽ കേരളം രണ്ടാം സ്ഥാനത്ത് ആണെങ്കിലും ഉടൻ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മണി ശങ്കർ പറഞ്ഞു. 'വിഷൻ 2031: വികസനവും ജനാധിപത്യവും' അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കറിൻ്റെ പ്രശംസ. പരിപാടിയിൽ തന്റെ പാർട്ടി സഹപ്രവർത്തകരുടെ അഭാവത്തിൽ ഖേദിക്കുന്നുവെന്നും മണിശങ്കർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. നവകേരള നിർമിതിക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിഷൻ 2031 സംഘടിപ്പിച്ചത്. 2031 ആകുമ്പോൾ കേരളം ഏത് രീതിയിൽ മാറണമെന്നതാണ് പ്രധാനമായും കോൺഫറൻസിൽ ചർച്ചയായത്. കേരളത്തിലെ വികസന ഭൂപടം രചിക്കുന്നതിൽ ഈ യോഗം വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2031ൽ കേരള സംസ്ഥാനം രൂപപ്പെട്ട് 75 വർഷമാകും. അതുകൊണ്ടുതന്നെ 2031ലേത് കേവലം ഒരു വാർഷിക ആഘോഷം മാത്രമല്ല. കേരളത്തിന്‍റെ വലിയ വികസനത്തിലേക്കുള്ള കാഹളമായിരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
മണിശങ്കർ അയ്യരുടെ പ്രസംഗത്തിൻ്റെ പൂർണരൂപം
"1931ൽ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് ഗാന്ധിജി നൽകിയ മറുപടി ഇതായിരുന്നു, 'ഏറ്റവും പാവപ്പെട്ടവർക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, അതിന്റെ നിർമാണത്തിൽ തങ്ങൾക്ക് ഫലപ്രദമായ ശബ്ദമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യയ്ക്കായി ഞാൻ പ്രവർത്തിക്കും.' ഗാന്ധിയുടെ ഈ പ്രഖ്യാപിത ലക്ഷ്യത്തിനായി യഥാർഥ പുരോഗതി കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണ് എന്നത് കൗതുകകരമാണ്. ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ദേശീയ പ്രാധാന്യമുള്ള സംസ്ഥാന സർക്കാർ ചടങ്ങായിട്ടും എന്റെ പാർട്ടി സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നു.
സമയം പരിമിതമായതിനാൽ ഞാൻ പ്രധാന കാര്യത്തിലേക്ക് കടക്കാം. ത്രിതല പഞ്ചായത്തീരാജ് ഭരണനിർവഹണത്തിന്റെ കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 'പ്രയോഗത്തിൽ' കേരളം ഒന്നാമതാണെങ്കിലും, 'നിയമത്തിന്റെ' കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ ഒരു അഭ്യർത്ഥന നടത്തിയിരുന്നു. രമേഷ് കുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കർണാടകയിൽ വളരെ മികച്ചതും ആധുനികവുമായ പഞ്ചായത്തീരാജ് നിയമനിർമ്മാണം നിലവിലുണ്ട്.
ആ കമ്മിറ്റിയിൽ ഞാൻ നിർദേശിച്ച 38 ഭേദഗതികളും അവർ പൂർണമായി അംഗീകരിച്ചിരുന്നു. കൂടാതെ, പഞ്ചായത്തീരാജിന്റെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന വി.കെ. രാമചന്ദ്രൻ ഇന്ന് ഈ വേദിയിലുണ്ട്. ഡോ. തോമസ് ഐസക്ക് ക്ഷമിക്കുമല്ലോ, പക്ഷേ രാമചന്ദ്രൻ തന്നെയാണ് ഈ വിഷയത്തിലെ യഥാർഥ ഗുരു. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്റെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിദഗ്ധർ അന്ന് ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് ആ കമ്മിറ്റിയിൽ ആരെല്ലാം ഉണ്ടാകണമെന്നും ഞാൻ സൂചിപ്പിച്ചിരുന്നു.
പിണറായി വിജയൻ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഞാൻ ഒന്നുകൂടി അഭ്യർത്ഥിക്കുകയാണ്. പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം പൂർണമായി ഉറപ്പിക്കാൻ നമ്മുടെ അനുഭവങ്ങളുടെയും, തോമസ് ഐസക്കിന്റെ ഉൾക്കാഴ്ചകളുടെയും, ഞാൻ അധ്യക്ഷനായിരുന്ന അഞ്ച് വാല്യങ്ങളുള്ള റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന നിയമ ഭേദഗതി കൊണ്ടുവരണം. എല്ലാറ്റിനുമുപരി, ആസൂത്രണ കമ്മീഷൻ പഞ്ചായത്തീരാജിൽ വിശ്വസിച്ചിരുന്ന കാലത്ത് വി.കെ. രാമചന്ദ്രൻ തയ്യാറാക്കിയ ജില്ലാ ആസൂത്രണത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനായി പരിഗണിക്കണം. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയർത്താൻ അധികം ആരും അവശേഷിക്കുന്നില്ല. അതിനാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കൽ ഞാൻ അപേക്ഷിക്കുന്നു. സർ, ദയവായി കോൺഗ്രസ് കൈവിട്ട ആ ദൗത്യം അങ്ങ് ഏറ്റെടുക്കുക.