

കണ്ണൂര്‍: ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ പരിപാടിക്കിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. കോളേജിലെ പരിപാടിക്കിടെ സദസില്‍ നിന്നും ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പരിപാടിയില്‍ സംസാരിക്കുന്നതിനായി മന്ത്രി വേദിയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയത്തായിരുന്നു എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയത്. ''അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു' എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതാ ശകലമാണ് ബാനറില്‍ ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ചന്‍ നമ്പ്യാരുടെ ഈ കവിതാ ശകലം സന്ദര്‍ഭോചിതമായി കോടതി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇതു തന്നെ ബാനര്‍ ആക്കി പ്രതിഷേധിക്കുന്നത്.
60 ദിവസത്തിന്മേലെ വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തിയിട്ട് ഇനിയെന്തിനാണ് വിദ്യാര്‍ഥികള്‍ മാപ്പ് പറയേണ്ടതെന്നും സര്‍വകലാശാലയുടെ അരിശം തീരാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. വിദ്യാര്‍ഥികളുടെ നടപടിയെ ന്യായീകരിക്കുന്നില്ല എന്നാല്‍ ഇന്ന് രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ എല്ലാം വിദ്യാര്‍ഥികളായി തന്നെയാണ് വന്നതെന്ന് ഓര്‍മവേണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
നേരത്തെ മഹാരാജാസ് കോളേജിലെ എസ്എഫ് ഐ പ്രവര്‍ത്തകര്‍, ബിരുദ ദാന ചടങ്ങിലെത്തിയ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ചിരുന്നു. മന്ത്രി സംസാരിച്ചു കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥി വേദിയിലേക്ക് കയറുകയും കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.
കാലടി സര്‍വകലാശാലയിലെ 10 വിദ്യാര്‍ഥികള്‍ 60 ദിവസത്തിലധികമായി സസ്‌പെന്‍ഷനിലാണ്. ഇവര്‍ക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യവും നിലനില്‍ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്.