"എൻ്റെ അടുപ്പവും അടുപ്പക്കുറവും പാർട്ടി തീരുമാനത്തെ ബാധിക്കില്ല, ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും": ഷാഫി പറമ്പിൽ
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലുമായുള്ള തന്റെ ബന്ധം രാഹുലിനെതിരായ പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടിയുടെ തീരുമാനം ആണ് തന്റേതെന്നും കോൺഗ്രസ് നടപടി മാതൃകാപരമെന്നും ഷാഫി പറഞ്ഞു. "എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. എൻ്റെ ധാരണകൾ തീരുമാനത്തെ സ്വാധീനിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാവും. പാർട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു.
ബലാത്സംഗ കേസിൽ രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം. നിലവിൽ ഭൂരിഭാഗം നേതാക്കാളും രാഹുലിനെ തള്ളി രംഗത്തെത്തിക്കഴിഞ്ഞു. രാഹുലിനെ പുറത്താക്കിയ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്നും ഷാപി പറമ്പിൽ പറഞ്ഞു. കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡൻ്റ് പറയും എന്നും എംപി വ്യക്തമാക്കി.
അതേ സമയം രാഹുലിനെതിരെ കോൺഗ്രസ് നടപിടിയെടുക്കുന്നത് ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെയും ഷാഫി വിമർശനം ഉയർത്തി. സ്വർണക്കൊള്ളയിൽ സിപിഐഎം എന്ത് ചെയ്തു, എത്ര പേർക്കെതിരെ അവർ നടപടി എടുത്തു എന്നുള്ള ചോദ്യങ്ങൾ ഉയർത്തിയ ഷാഫി മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ് എന്നും മാധ്യമങ്ങളോട് ചോദിച്ചു.
