

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്രേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. കട്ടിള, ദ്വാരപാലക ശില്‍പ്പം എന്നിവ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന
ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചുകൊണ്ടു വന്ന എല്ലാ സ്വര്‍ണപ്പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
അതേസമയം ഇന്നുവരെ താന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും എന്നാല്‍ ഇനിമുതല്‍ അങ്ങനെ ആയിരിക്കില്ലെന്നും ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റ കെ. ജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് തന്റെ പ്രാഥമിക പരിഗണനയെന്നും സ്‌പോണ്‍സര്‍മാരുടെ മേലങ്കി അണിഞ്ഞ് വരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ഭരണസമിതി ചുമതലയേറ്റത്.