

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നജീബ് സ്ഥലം വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. അവയവം നൽകാമെന്ന് പറഞ്ഞ് നജീബ് പലരിൽ നിന്നും അഡ്വാൻസ് വാങ്ങി. നജീബിന്റെ വിദേശത്തുള്ള സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
അവയവദാന കച്ചവടത്തിന് വ്യാജ രേഖ നിർമിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക സംഘം. കേസിൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇരകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കോടികളുടെ ഇടപാടുകൾ നടന്നു എന്നാണ് പ്രാഥമിക നിഗമനം. അവയവദാനം നടത്താൻ ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്ന് മുഖ്യപ്രതി നജീബ് മൊഴി നൽകി. പ്രതി നജീബിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു. നജീബ് വിവിധ കേസുകളിൽ കർണാടകയിൽ ഉൾപ്പെടെ പ്രതിയാണ്. അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദയാണ്. നജീബിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.