അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍; ശക്തമായ എതിര്‍പ്പ് ഉയരുന്നു

ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അധിക്ഷേപ പരാര്‍മര്‍ശത്തില്‍ അടൂരിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്
അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
Published on

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. ഇതിനിടയില്‍ അടൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും.

ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് അടൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്താന്‍ പുഷ്പവതി ആരാണെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു. അടൂരിന്റെ വാക്കുകളിലെ ജാതീയത കലര്‍ന്ന അതേ മുന്‍വിധിയാണ് ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലും നിഴലിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടൂരിനെതിരെ രംഗത്തെത്തി. അടൂരിന്റെ പ്രസ്താവന ജനാധിപത്യത്തോടുള്ള നീതികേടാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍
"അടൂരിന്റെ പ്രസംഗം പുഷ്പവതി തടസപ്പെടുത്തിയത് മര്യാദകേട്"; അവര്‍ ആരാണെന്ന് ശ്രീകുമാരന്‍ തമ്പി

ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അധിക്ഷേപ പരാര്‍മര്‍ശത്തില്‍ അടൂരിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. അതിനിടെയാണ് അടൂരിനെ പിന്തുണച്ച് ശ്രീകുമാരന്‍ തമ്പിയടക്കമുള്ള പ്രമുഖരുടെ രംഗപ്രവേശം. അടൂരിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഷളാക്കിയെന്നും ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം നല്‍കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കോണ്‍ക്ലേവ് വേദിയില്‍ തന്നെ അടൂരിനെ തിരുത്തിയ മന്ത്രി സജി ചെറിയാനെയും തള്ളുകയാണ് ശ്രീകുമാരന്‍ തമ്പി. ഒന്നരക്കോടി നല്‍കിയിട്ട് സിനിമ മോശമാണെന്ന് മന്ത്രി പറയുമോ എന്നും ചോദിച്ചു. ടൂര്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ പുഷ്പവതി ഇടപെട്ടത് മര്യാദകേടാണെന്നും അടൂര്‍ സംസാരിക്കുന്നത് തടസ്സപ്പെടുത്താന്‍ അവര്‍ ആരാണെന്നും ചോദ്യം.

അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂർ തിരുത്തണം, ഭാസ്കര പട്ടേലർ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം: കെ. സി. വേണുഗോപാല്‍

എന്നാല്‍ അടൂരിന്റെ അതേ ജാതീയ മനോസ്ഥിതിയാണ് ശ്രീകുമാരന്‍ തമ്പിക്കെന്ന് പൊതുപ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ ദിനു വെയില്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. കേരളത്തിലെ പ്രശസ്തയായ ഗായികയ്‌ക്കെതിരെ അടൂര്‍ അധിക്ഷേപം നടത്തിയിട്ട് എത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരിച്ചെന്നും ദിനു വെയില്‍ ഹലോ മലയാളം ലീഡേഴ്‌സ് മോര്‍ണിങ്ങില്‍ ചോദിച്ചു.

അടൂര്‍ ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് വലിയ നിയമനടപടികളിലേക്ക് കൊണ്ടുപോകാനല്ല, മറിച്ച് തെറ്റ് മനസിലാക്കി തിരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പൊലീസില്‍ പരാതി നല്‍കിയ ദിനു വെയില്‍ വ്യക്തമാക്കി.

പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടൂര്‍ പറഞ്ഞത് പരിശോധിക്കുമെന്ന് പട്ടികജാതി-പട്ടിക വര്‍ഗമ മന്ത്രി ഒ.ആര്‍ കേളു പ്രതികരിച്ചു. ഒരു വിവാദമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവ് രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞ മന്ത്രി അതിന് എരിവും പുളിയും ചേര്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഇത് കേരളത്തിന് ഗുണകരമാകില്ലെന്നും വ്യക്തമാക്കി.

സ്വയം പരിശോധിക്കാനും തിരുത്താനും അടൂര്‍ തയ്യാറാകണമെന്ന് കെ.സി വേണുഗോപാലും പ്രതികരിച്ചു. ഭാസ്‌കര പട്ടേലര്‍ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം. അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തോട് അതേ സദസ്സില്‍ വെച്ച് ത്തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ ഗായിക പുഷ്പവതി അഭിനന്ദനമര്‍ഹിക്കുന്നു. തിരുത്തപ്പെടേണ്ടത് തിരുത്തിത്തന്നെ പോകുമ്പോഴാണ് കേരളം പ്രബുദ്ധ കേരളമായി നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com