ഡൽഹി: മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്നത് കള്ളക്കേസെന്ന് വ്യക്തമായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇക്കാര്യം കോടതിവിധിയിലൂടെ വ്യക്തമായി. മന്ത്രിയെ കൊണ്ട് പച്ച കള്ളം പറയിപ്പിച്ചു. ആരോഗ്യമന്ത്രി പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. കെഎസ്‌യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് അഞ്ച് കെഎസ്‌യു പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തു. മന്ത്രിയുടെ പ്രസ്താവനയിലും ആയുധം ഉണ്ടെന്ന് പറയുന്നില്ല. ഡോക്ടറുടെയും മന്ത്രിയുടെയും മൊഴി എടുത്തില്ല.7 മണിക്കൂർ കഴിഞ്ഞാണ് FIR രജിസ്റ്റർ ചെയ്തതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചു.
കണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അരകിലോമീറ്റർ അകലെ ആണ് സംഭവം നടന്നത്. അവിടെയാണ് എന്ത് ഗൂഢാലോചനയാണ് നടന്നത്? കെ എസ് യു പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി. ഉണ്ടായ നാശനഷ്ടങ്ങൾക്ക് സിപിഐഎമ്മും സർക്കാരും മറുപടി പറയണം. തെറ്റായ കേസ് രജിസ്റ്റർ ചെയ്തതിന് സർക്കാർ മാപ്പ് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു നേതാക്കൾ നാളെ പുറത്തിറങ്ങും. ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ലെന്ന് തലശേരി കോടതി നിരീക്ഷിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം കിടത്തി ചികിത്സ നൽകിയ ശേഷമാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.