വയനാട്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ മീനാക്ഷി വിലാസ് ഗവ. എൽപി സ്കൂൾ പ്രവർത്തിക്കുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മന്ത്രി ടി. ടി. സിദ്ദിഖ്. പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. സ്കൂളിന് ചുറ്റും ഫെൻസിങ്ങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുമെന്നും സ്ഥലം എംഎൽഎ കൂടിയായ ടി. സിദ്ദിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അടിയന്തരമായി നടപടിയെടുക്കാൻ പഞ്ചായത്തിനും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളായ 14 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് സ്കൂൾ അധികൃതരുടെ ആക്ഷേപം.
2011ലാണ് അട്ടമലയിൽ പ്രവർത്തിച്ചിരുന്ന തമിഴ് മീഡിയം എൽപി സ്കൂൾ കള്ളാടി വനമേഖലക്ക് സമീപമുള്ള മീനാക്ഷി എസ്റ്റേറ്റിലെ ഒരേക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചത്. എന്നാൽ വനമേഖലക്ക് സമീപം പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റും താൽക്കാലികമായി നിർമിച്ച ഒരു വേലി മാത്രമാണുള്ളത്. ഈ വേലികൾ കാട്ടാനകൾ തകർത്ത നിലയിലുമാണ്.
ചുറ്റുമതിൽ കെട്ടണമെന്നും ഫെൻസിങ്ങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുളളവർക്ക് നിവേദനം നൽകിയിരുന്നു എങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ പരാതിപ്പെട്ടിരുന്നു.