കണ്ണൂർ: പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ നാട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച അധ്യാപകനെതിരെ കേസെടുത്തു പൊലീസ്. പയ്യന്നൂർ ബോയ്സ് സ്കൂളിലെ ബി.എഡ് ട്രെയിനി ലിജോ ജോണിനെതിരെയാണ് വിദ്യാർഥികളുടെ പരാതി. സ്കൂൾ ടൂറിനിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യം തീർക്കാനാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
കൈയിലും കാലിലും പുറത്തും മുഖത്തും അടികൊണ്ട് രക്തം കട്ടപിടിച്ചിട്ടും ആക്രമണ വിവരം കുട്ടികൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ആരോടും പറയാതെ ഒളിച്ചുവച്ച വിവരം, മർദനത്തിന്റെ പാടുകൾ വീട്ടുകാർ കണ്ടതോടെ പുറത്തായി. ഇതോടെയാണ് സ്കൂളിലെ ബി.എഡ് ട്രെയിനി അധ്യാപകൻ ലിജോ ജോണിന്റെ ക്രൂരതയും കുറ്റവാസനയും നാടറിയുന്നത്.
ഡിസംബർ അഞ്ചിനാണ്. സംഭവങ്ങളുടെ തുടക്കം. പരാതിയിൽ പറയുന്നത് ഇങ്ങനെ. സ്‌കൂൾ ടൂറിനിടെ അടിമാലിയിൽ വെച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഒരു ഡിജെ പാർട്ടി സംഘടിപ്പിച്ചു. ഇതിനിടയിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായി എന്ന് ഒരു പെൺകുട്ടി സഹപാഠികളായ ആൺകുട്ടികളോട് പറയുകയും അവർ അധ്യാപകനെ ചോദ്യം ചെയ്യുകയും ചെയ്തു. ചെറിയ കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പ്രശ്‌നം അവിടെ അവസാനിപ്പിച്ച് ടൂർ തുടർന്നു.
നാട്ടിൽ തിരിച്ചെത്തിയ അധ്യാപകൻ ഒൻപതാം തീയതി കവ്വായി സ്വദേശികളായ മൂന്ന് വിദ്യാർഥികളെ ഫോണിൽ വിളിച്ച് പഴയങ്ങാടിയിൽ എത്താൻ ആവശ്യപ്പെടുന്നു. ടൂറിനിടെ തന്നെ മർദിച്ചതായി കേസ് കൊടുക്കുമെന്നും അത് ഒഴിവാക്കാൻ ഉറപ്പായും വരണമെന്നുമായിരുന്നു അധ്യാപകൻ അറിയിച്ചത്. പഴയങ്ങാടിയിലെത്തിയ വിദ്യാർഥികളെ ലിജോയും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു.
മാടായിക്കടുത്തെ വാടിക്കൽ എന്ന സ്ഥലത്ത് വച്ചായിരുന്നു മർദനം. വീട്ടുകാരുടെ നിർദേശപ്രകാരം കുട്ടികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു. നാലുപേരാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ലിജോ ജോൺ, മാടായിയിലാണ് താമസം. ഡിവൈഎഫ്ഐ മാടായി സൗത്ത് മേഖലാ പ്രസിഡന്റ് കൂടിയാണ് ഇയാൾ. ഒളിവിൽ പോയ ലിജോയെ കണ്ടെത്താൻ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.