
ചൂരൽമലയിലേത് പോലെ ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വിലങ്ങാടുള്ള മനുഷ്യർ സർക്കാരിന്‍റെ നിസഹകരണം കൊണ്ട് നാട് വിടേണ്ട അവസ്ഥയിലാണ്. ഉരുൾ പൊട്ടാനും മണ്ണിടിയാനും സാധ്യതയുള്ള സ്ഥലങ്ങൾക്ക് പകരം പ്രദേശത്ത് സമ്പൂർണ്ണ നിർമ്മാണം നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. 31 കുടുംബങ്ങൾക്കാണ് 2024-ലെ ഉരുൾപ്പൊട്ടലിൽ വീടുകൾ പൂർണ്ണമായും നഷ്ട്ടപ്പെട്ടത്. അര ഡസനോളം മന്ത്രിമാർ എത്തി വാഗ്ദാനം ചെയ്ത വിലങ്ങാട് പക്കേജ് ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
തലമുറകളായി മണ്ണിനോട് മല്ലിട്ട് ഉണ്ടാക്കിയെടുത്ത കിടപ്പാടവും കൃഷിയും എല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായി. കോഴിക്കോട് വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ഉരുൾ ദുരന്തത്തിനും ഇന്ന് ഒരാണ്ട് പൂർത്തിയാവുകയാണ്. വിലങ്ങാട് മഞ്ഞ ചീളി ഭാഗത്തെ 31 വീടുകളാണ് പൂർണ്ണമായും ഉരുളിൽ മാഞ്ഞ് പോയത്. എല്ലാം തകർത്തെറിഞ്ഞ് വന്ന ഉരുളിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ മഞ്ഞ ചീളിയിലെ മാത്യൂസ് മാഷിനെ മാത്രമാണ് വിലങ്ങാട്ടുകാർക്ക് നഷ്ട്ടപ്പെട്ടത്.
വീട് നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ 15 ലക്ഷം രൂപ ധനസഹായം നൽകി. 120-ലധികം കുടുംബങ്ങൾക്ക് ഭാഗികമായ നാശനഷ്ട്ടവും സംഭവിച്ചിട്ടുണ്ട്. ദുരന്തത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിലും 40 -ഓളം കുടുംബങ്ങൾ വാടക വീട്ടിലാണ് കഴിയുന്നത്. വീടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഇല്ലാതായതോടെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ് മഞ്ഞ ചീളിയുൾപ്പടെയുള്ള പ്രദേശങ്ങൾ.
ദുരന്തത്തിന് ശേഷം പൂർണ്ണമായും ഭാഗികമായും വീട് തകർന്നവർക്ക് താമസിക്കാൻ വാടക വീടുകൾ കണ്ടെത്തിയെങ്കിലും കൃത്യമായി വാടക നൽകാത്തതിനാൽ പലർക്കും വാസയോഗ്യമല്ലാത്ത വീടുകളിലേക്കോ, ബന്ധുവീടുകളിലേക്കോ തിരിച്ചുപോകേണ്ടി വന്നു. മഴക്കാലം വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരികയും ചെയ്തു.1200 -ലധികം ഹെക്ടറിൽ കൃഷിനശിച്ചിട്ടുണ്ട്. ദുരന്താനന്തരം പ്രദേശം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥരും ആറിലധികം മന്ത്രിമാരും വാഗ്ദാനം ചെയ്ത വിലങ്ങാട് പാക്കേജ് എന്നത് ഒരു വർഷം പിന്നിടുമ്പോഴും പാഴ്വാക്ക് മാത്രമാണ്.