തിരുവനന്തപുരം: വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇപ്പോൾ ജനാധിപത്യമില്ലെന്ന് തുഷാർ ഗാന്ധി. എന്ത് പഠിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്ന് നമ്മൾക്ക് അത് അനുസരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ സർവകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസ മേഖലയിൽ സ്വാതന്ത്ര ചിന്ത ഇല്ലാതായി. ദാസ്യപ്പെട്ട ചിന്തകളെയാണ് സൃഷ്ടിക്കുന്നത്. അതിന്ദേശീയ വിദ്യാഭ്യാസ നയം ആക്കം കൂട്ടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ജോലി ചെയ്യാൻ മാത്രം വിദ്യാർത്ഥികളെ തയ്യാറാക്കുന്നത്. എല്ലാ സംസ്ഥാനത്തിനും വ്യത്യസ്ത സമ്പ്രദായം വേണം. ഇവയെല്ലാം നിരീക്ഷിക്കാൻ ഒരു സമിതിയും വേണം. ഈ വിപ്ലവമാണ് നമ്മുടെ നാട്ടിൽ വേണ്ടത്. നിലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ അടിത്തറ തകർക്കപ്പെട്ടിരിക്കുകയാണ് എന്നും തുഷാർ ഗാന്ധി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് നമ്മൾ ഒത്തുകൂടിയിരിക്കുന്നത്. നിലവിലെ കാലഘട്ടത്തിൽ യുക്തിരഹിതമായ കാര്യങ്ങൾ ചെയ്യുന്നത് വിദ്യാ സമ്പന്നരാണ്. ഇത് അപകടകരമാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
മതാടിസ്ഥാനത്തിലാണ് ഇപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നത്. ഫാസിസ്റ്റുകൾ അറിഞ്ഞുകൊണ്ട് പല രീതിയിലുള്ള പ്രചരണവേലകൾ നടത്തുന്നു. ഇവർ ഹിന്ദുക്കൾ അപകടത്തിൽ ആണെന്ന തോന്നൽ സൃഷ്ടിക്കുന്നുവെന്നും തുഷാർ ഗാന്ധി വ്യക്തമാക്കി.