

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. കർണാടക ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്.
നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്. 20 ഓളം പേർക്ക് പരിക്കേറ്റു. മൈസൂർ ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വലിയ സൈൻ ബോർഡ് തകർന്നു വീഴുകയും ബസ് ഒരു വശത്തേക്ക് മറിയുകയും ചെയ്തു.
പരിക്കേറ്റവരെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.