
എറണാകുളം: കേരളത്തില്‍ കൊടുക്കുന്ന റേഷൻ മുഴുവനും 'മോദി അരി' ആണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റേത് അല്ലെന്നും കേന്ദ്ര മന്ത്രി.
ജനങ്ങളുടെ അവകാശമാണ് നൽകുന്നതെന്നും അതുകൊണ്ടാണ് തങ്ങൾ വിളിച്ചു പറയാത്തതെന്നും ജോർജ് കുര്യന്‍ പറഞ്ഞു. ഇനിയിപ്പോൾ ബിജെപി പ്രവർത്തകരോട് ഇത് വിളിച്ചു പറയാൻ പറയേണ്ടിവരും. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരും പങ്കാളികളാണെന്നും ജോർജ് കുര്യന്‍ കൂട്ടിച്ചേർത്തു.
കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി പരിഹസിച്ചു. സതീശന്റെ പരാമർശത്തിൽ താൻ ഇപ്പോഴേ ഞെട്ടി. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർത്ഥനയാണെന്നും ജോർജ് കുര്യന്‍ പറഞ്ഞു.
കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നായിരുന്നു ബിജെപിക്കുള്ള വി.ർി. സതീശന്റെ താക്കീത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ കടുത്ത പ്രതിരോധത്തിലായതോടെ സിപിഐഎമ്മിനും സതീശന്‍ മുന്നറിയിപ്പ് നല്‍കി. പലതും പുറത്തുവരാനുണ്ടെന്നും അത് പുറത്ത് വന്നാൽ കേരളം ഞെട്ടിപ്പോകുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെ വി.ഡി. സതീശൻ എന്തിന് സംരക്ഷിക്കുന്നു എന്ന് മനസിലാകുന്നില്ലൊയിരുന്നു ബിജെപി നേതാവ് എം.ടി. രമേശിന്റെ പ്രതികരണം. രാഹുലിനെ പുറത്താക്കാൻ സതീശന് എന്തിനാണ് പേടി. രാഹുൽ രാജി വച്ചാൽ സതീശന്റെ എന്തെങ്കിലും കാര്യങ്ങൾ പുറത്ത് വരും എന്ന പേടിയുണ്ടോയെന്നും എം.ടി. രമേശ് ചോദിച്ചു.