"പശു ഇവർക്ക് അമ്മയാണെങ്കിൽ കാള ഇവരുടെ അച്ഛനാണോ"; മറുപടികളിലെ വിഎസ് ടച്ച്

വിഎസ് ഉപയോ​ഗിക്കുന്ന പദങ്ങളും പ്രസം​ഗ ശൈലിയും വിഎസിന് മാത്രം അവകാശപ്പെട്ടതാണ്
വി.എസ്. അച്യുതാനന്ദന്‍
വി.എസ്. അച്യുതാനന്ദന്‍Source: News Malayalam 24x7
Published on

വിഎസിന്റെ പ്രായത്തെ സൂചിപ്പിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസം​ഗ പരിഹാസത്തിന് വി.എസ്. അച്യുതാനന്ദൻ നൽകിയ മറുപടി ഒരു കവിതാ ശകലമായിരുന്നു. വിപ്ലവകാരിയായിരുന്ന ടി.എസ്. തിരുമുമ്പിന്റെ വരികൾ. അത് കടമെടുത്ത് വിഎസ് നടത്തിയ പ്രസം​ഗം രാഹുലിന് വടി കൊടുത്ത് അടി മേടിക്കലായി മാറി. അത്രമേൽ ആർജ്ജവ സ്വരത്തിൽ കേരളത്തെ സാക്ഷിനിർത്തി വിഎസ് നൽകിയ ആ മറുപടി മലയാളി മറക്കില്ല.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, രാഹുൽ​ ഗാന്ധി പറഞ്ഞു, എൽഡിഎഫ് അധികാരത്തിലെത്തിയാൽ ലഭിക്കുക 93 കാരനായ മുഖ്യമന്ത്രിയെയാകും. മലയാളി കൗതുകത്തോടെ വിഎസിന്റെ മറുപടിക്കായി കാത്തിരുന്നു. വൈകാതെ തന്നെ ആ ക്ലാസിക്ക് മറുപടിയും വന്നു.

"തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം

തല നരക്കാത്തതല്ലെന്‍ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍

തലകുനിക്കാത്ത ശീലമെന്‍ യൗവനം"

വി.എസ്. അച്യുതാനന്ദന്‍
'രാഹുല്‍ ഗാന്ധിക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ?' വിഎസിന്റെ പ്രസംഗം കേട്ട് യെച്ചൂരി കൂടി ചിരിച്ചുപോയി

വിഎസ് ഉപയോ​ഗിക്കുന്ന പദങ്ങളും പ്രസം​ഗശൈലിയും വിഎസിന് മാത്രം അവകാശപ്പെട്ടതാണ്. അത് ഓരോ പ്രദേശത്തേയും സാധാരണ മനുഷ്യന്റെ പദപ്രയോഗങ്ങളുമായിരുന്നു. ഗോമാതാ പ്രേമത്തിന്റെ പേരിലുള്ള സംഘപരിവാർ അതിക്രമങ്ങളോട് വിഎസ് മറുപടി പറഞ്ഞതും, ഒരു പൊതുയോ​ഗത്തിലാണ്. ഗോരക്ഷക്കാരുടെ അതിക്രമങ്ങളോട് കയ‍ർത്ത് രൂക്ഷ പരിഹാസത്തോടെ വിഎസ് പറഞ്ഞ വാചകം അന്ന് സദസ്സിൽ ആരവം നിറച്ചു - "പശു ഇവർക്ക് അമ്മയാണെങ്കിൽ കാള ഇവരുടെ അച്ഛനാണോ," എന്നായിരുന്നു വിഎസിന്റെ ചോദ്യം. അത് കേട്ട് സദസ്സ് ചിരിച്ചുമറിഞ്ഞു.

സിപിഐഎമ്മിലെ വിഭാ​ഗീയതയുടെ പാരമ്യകാലത്ത് പിണറായി വിജയന് വിഎസ് നൽകിയ മറുപടികളും സെൻസേഷനായി. നവകേരളാ മാർച്ചിലെ പിണറായിയുടെ 'ബക്കറ്റിലെ വെള്ളം' പ്രസംഗത്തിന് വിഎസ് പറഞ്ഞ മറുപടി, 'ക്യാപിറ്റൽ പണിഷ്മെന്റ്' എന്ന പ്രയോഗത്തിന് നൽകിയ മറുപടി, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വിഎസിന്റെ മുഖത്ത് തെളിഞ്ഞ ചിരി ഇതെല്ലാം ചർച്ചകൾ സൃഷ്ടിച്ചു.

സിപിഐഎമ്മിൽ വിഎസിനെ രൂക്ഷ വിമർശനത്തിന് വിധേയമാക്കാനും ആ ചിരി മതിയായിരുന്നു. പൂച്ചകൾ നല്ലപോലെ എലികളെ പിടിക്കുന്നുണ്ടെന്ന് മൂന്നാർ ദൗത്യസംഘ നീക്കത്തെക്കുറിച്ച് വിഎസ് പണ്ട് പറഞ്ഞു. വിഎസിന്റെ ആ ദൗത്യം പിന്നീട് പരാജയപ്പെട്ടു.

വി.എസ്. അച്യുതാനന്ദന്‍
"പിന്നെ ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല, ഒരു ദൈവത്തേയും വിളിച്ചിട്ടുമില്ല"; ജീവിതാനുഭവങ്ങളുടെ തീച്ചൂള താണ്ടിയ വിഎസ്

തെരഞ്ഞെടുപ്പ് പരാജയങ്ങൾ പലവട്ടം നേരിട്ടിട്ടുണ്ട് വിഎസ്. 1965ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു. കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടിന്. 1967ല്‍ എ. അച്യുതനെ 9515 വോട്ടിന് തോല്‍പ്പിച്ച് വിഎസ് നിയമസഭയിലെത്തി. 70ല്‍ ആര്‍എസ്പി നേതാവ് കെ.കെ. കുമാരപിള്ളയെ തോല്‍പ്പിച്ചു. 77ല്‍ കുമാരപിള്ളയോട് 5585 വോട്ടിന് തോറ്റു.

91ല്‍ മാരാരിക്കുളത്ത്, കോണ്‍ഗ്രസിലെ ഡി. സുഗതനെ 9980 വോട്ടിന് തോല്‍പ്പിച്ചു. സിപിഐഎമ്മിലെ വിഭാ​ഗീയ പാരമ്യത്തിൽ ഞെട്ടിപ്പിക്കുന്ന പരാജയം കേരളം കണ്ടത് 96ല്‍. ഇടതു കോട്ടയായ മാരാരിക്കുളത്ത് വിഎസ് തോൽപ്പിക്കപ്പെട്ടു. 2001ല്‍ ആലപ്പുഴ ജില്ല വിട്ട് മലമ്പുഴയിൽ. 2006ല്‍ ഇതേ മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം.

പരാജയമായിരുന്നു വിഎസിന് ഊർജ്ജം. ഇടതു ചിന്തകനായിരുന്ന എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത് ഇങ്ങനെ, 'പരാജയം ഭക്ഷിച്ച് ജീവിച്ചയാൾ'. ഓരോ പരാജയങ്ങളും വിഎസിനെ രാഷ്ട്രീയമായി കാതങ്ങൾ മുന്നോട്ടുകൊണ്ടുപോയി എന്നത് ചരിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com