
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി നടത്തിയ നിയമലംഘനങ്ങളുടെ പ്രദേശങ്ങൾ സൂചിപ്പിച്ച് മന്ത്രി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ഗോപിയെ പേരെടുത്ത് പരാമർശിക്കാതെ അദ്ദേഹം ഉൾപ്പെട്ട വിവാദങ്ങൾ ഉണ്ടായ സ്ഥലങ്ങൾ മാത്രം പരാമർശിച്ചായിരുന്നു വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂർ, കൊല്ലം എന്നീ പ്രദേശങ്ങളാണ് ശിവൻകുട്ടിയുടെ പരാമർശത്തിലുള്ളത്.
പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ആദ്യം നിയമക്കുരുക്കിൽ അകപ്പെട്ടത്. കൊല്ലത്ത് സഹോദരൻ്റെ ഇരട്ട വോട്ടുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി വാർത്തകളിൽ ഇടംപിടിച്ചത്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ വലിയ ക്രമക്കേടുണ്ടായെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിൻ്റെ തെളിവുകളും മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.