

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് 70 ശതമാനം വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "യുഡിഎഫ് പ്രവർത്തകരോട് എനിക്ക് പറയാനുള്ളത് വിജയം നിങ്ങളെ കൂടുതൽ വിനയാന്വിതർ ആക്കണമെന്നാണ്. പരാജയം പഠിക്കുന്നത് പോലെ വിജയവും പഠിക്കണം. അത് പഠിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ ആ കുറവ് പരിഹരിക്കാം," സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിചാരിച്ചത് പോലെ നടന്നു എന്ന ചാരിതാർഥ്യം ഇപ്പോഴില്ല. എന്നാൽ 2016ലും 2021ലും യുഡിഎഫിനൊപ്പം ഇല്ലാതിരുന്ന ചില സാമൂഹിക ഘടകങ്ങൾ ഇപ്പോഴുണ്ട്. നല്ല കമ്മ്യൂണിസ്റ്റ്‌കാർ യുഡിഎഫിനാണ് വോട്ട് ചെയ്തത്," സതീശൻ പറഞ്ഞു.
ഇനിയുള്ളത് കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. "ഖജനാവ് നിറയ്ക്കാനുള്ള നടപടികൾ വേണം. ആരോഗ്യ കേരളത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി ആരോഗ്യം പകരണം. ഉന്നത വിദ്യാഭ്യാസ രംഗം ഉന്നതമാക്കണം. യുവാക്കളെ നാട്ടിൽ നിർത്തണം," വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ഇത് കൂട്ടായ്മയുടെ വിജയമാണെന്ന് വിശേഷിപ്പിച്ച സതീശൻ എഐസിസിക്കും കെപിസിസിക്കും ടീം യുഡിഎഫിനും നന്ദി പറയാനും മറന്നില്ല.