തിരുവനന്തപുരം: പാലക്കാട് ജില്ല ആശുപത്രിയിലെ അനാസ്ഥ മൂലം കൈമുറിച്ച് മാറ്റേണ്ടി വന്ന ഒമ്പതാം ക്ലാസുകാരിക്ക് സംസ്ഥാന സർക്കാരിൻ്റെ സഹായ വാഗ്ദാനം. വനിത-ശിശുവികസന വകുപ്പിൻ്റെ ബാലനിധിയിൽ നിന്ന് കൃത്രിമ കൈ വയ്ക്കാൻ സഹായം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്.
കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും, അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കുട്ടിക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്‍റെ ആവശ്യകത പരിഗണിച്ചാണ് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സഹായം നേരത്തെ പ്രഖ്യാപിക്കുകയും, ബന്ധപ്പെട്ട അധികൃതർ കൊച്ചി അമൃത ആശുപത്രിയിലെത്തി അളവെടുക്കുകയും ചെയ്തിരുന്നു. എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നൽകുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം.
മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാൻ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. കൂടുതൽ സഹായം സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് സഹായവാഗ്ദാനം ചെയ്ത് കുടുംബത്തെ സമീപിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) വീണ് പരിക്കേറ്റത്. പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചെങ്കിലും, വേദനയുമായി വീണ്ടും ആശുപത്രിയെ സമീപിച്ചു. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. എന്നാൽ ആശുപത്രിയിൽ നിന്ന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടേയും കെജിഎംഒഎയുടേയും പ്രതികരണം.