

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.
കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ പത്ത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയാവും ഉണ്ടാവുക.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലയിൽ രാത്രി സഞ്ചാരം പരമാവധി കുറയ്ക്കാൻ നിർദേശമുണ്ട്. ഡാമുകൾക്കും നദികൾക്കും അരികിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് വടകര മണിയൂരിൽ ഇടിമിന്നലിൽ വീടിൻ്റെ ഭിത്തികൾ തകർന്നു. മണിയൂർ സ്വദേശി ഷൈജുവിൻ്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. മിന്നലിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബിയും മുന്നറിയിപ്പ് നൽകി.
കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളില്‍ വീഴാനും അത് വഴി ലൈന്‍ പൊട്ടി വീഴാനും സാധ്യതയുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്.
കമ്പികളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ കെഎസ്ഇബിയുടെ അടിയന്തര സഹായ നമ്പറായ 9496010101-ലോ വിവരം അറിയിക്കണം. വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരിലോ സെക്ഷന്‍ ഓഫീസിലോ വിളിക്കാവുന്നതാണ്.