കൊല്ലം: പുസ്തകവായന ആസ്വാദ്യകരവും അറിവു നൽകുന്നതുമാണ്. അതേ സമയം തന്നെ ഈ പുസ്തകങ്ങൾ അച്ചടിച്ച് വിൽക്കുന്നത് നിരവധിപ്പേരുടെ വരുമാനം കൂടിയാണ്. എഴുത്തുകാർ മുതൽ വിൽപ്പന നടത്തുന്ന ജീവനക്കാർവരെ നിരവധിപ്പേർ ആ ജോലിയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ സിനിമപോലെ തന്നെ പുസ്തകങ്ങൾക്കും വ്യാജപതിപ്പുകൾ ഇറങ്ങുന്നുവെന്ന കാര്യം വായനക്കാർ മനസിലാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ എഴുത്തുകാരൻ ബിനീഷ് പുതുപ്പണം.
നല്ല സങ്കടമുള്ള കാര്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് ബിനീഷ് പുതുപ്പണം കുറിപ്പ് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ സുന്ദര ജീവിതം, പ്രേമനഗരം തുടങ്ങിയ പ്രശസ്തമായ പുസ്തകങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുറഞ്ഞവിലയിൽ വിൽക്കുന്നതായി വെളിപ്പെടുത്തുന്നു. നിലവാരം കുറഞ്ഞ പേപ്പറുകളിലാണ് വ്യാജ പ്രതികൾ വരുന്നതെന്നും എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നു. സംശയം തോന്നിയപ്പോൾ സുന്ദര ജീവിതത്തിൻ്റെ ഒരു കോപ്പി വായനക്കാരനിൽ നിന്നും സംഘടിപ്പിച്ചു. ഒന്നാം തരം വ്യാജനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇതിനോടകം തന്നെ നിരവധിവിറ്റുപോയ പ്രമനഗരത്തിന്റെ വ്യാജപതിപ്പുകൾ ഇറങ്ങുന്നതായി പ്രസാധകരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. അവർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. എങ്കിലും പ്രസാധകർക്കും എഴുത്തുകാർക്കും അങ്ങേയറ്റം നഷ്ടം മാത്രമല്ല വായനക്കാരിൽ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന കാര്യമാണിതെന്ന് എഴുത്തുകാരൻ പറയുന്നു. ഇത്തരത്തിൽ വഞ്ചിതരാവരുതെന്നും ഒപ്പം നിൽക്കണമെന്നും വായനക്കാരോട് അഭ്യർഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
"പ്രിയപ്പെട്ടവരേ,
സങ്കടമുള്ള കാര്യമാണ്. "സുന്ദരജീവിത " ത്തിൻ്റെയും "പ്രേമനഗര "ത്തിൻ്റെയും വ്യാജ പതിപ്പുകൾ സജീവമാകുന്നു. മീ ഷോ അടങ്ങുന്ന ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇത് നടക്കുന്നത്. സുന്ദര ജീവിതം ഇറങ്ങിയിട്ട് 5 മാസമേ ആയുള്ളൂ. 110 രൂപയ്ക്ക് സുന്ദര ജീവിതം ലഭിക്കുന്നു എന്ന വിവരമറിഞ്ഞപ്പോഴാണ് കാര്യങ്ങൾ അന്വേഷിച്ചത്. 199 രൂപയുടെ പ്രേമനഗരം 45 രൂപയ്ക്കാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ വിൽക്കുന്നത്. സംശയം തോന്നിയപ്പോൾ സുന്ദര ജീവിതത്തിൻ്റെ ഒരു കോപ്പി വായനക്കാരനിൽ നിന്നും സംഘടിപ്പിച്ചു. ഒന്നാം തരം വ്യാജൻ. ഇന്നാണ് ഇക്കാര്യം നേരിൽ മനസിലാക്കുന്നത്. പ്രേമനഗരം കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് ഇത്തരത്തിൽ എത്ര കോപ്പികൾ പോയിട്ടുണ്ടാകുമെന്നതിൽ ഒരു നിശ്ചയവുമില്ല. പ്രസാധകരായ ഡി സി ബുക്സിനെ വിവരം അറിയിച്ചിട്ടുണ്ട്. അവർ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രസാധകർക്കും എഴുത്തുകാർക്കും അങ്ങേയറ്റം നഷ്ടം മാത്രമല്ല വായനക്കാരിൽ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന കാര്യമാണിത്. എന്തെന്നാൽ നിലവാരം കുറഞ്ഞ പേപ്പറുകളിലാണ് വ്യാജ പ്രതികൾ വരുന്നത്. പ്രിയപ്പെട്ടവർ ഇത്തരത്തിൽ വഞ്ചിതരാവരുതെന്നും ഒപ്പം നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,ബിനീഷ് പുതുപ്പണം."