പത്തനംതിട്ട: യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റനായി അപകടമുണ്ടാക്കിയ സംഭവത്തിൽ ആണ്‍സുഹൃത്തും, യുവാവും അറസ്റ്റിൽ. പത്തനംതിട്ട കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ (24), സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസ്(19) എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ ഡിസംബർ 23നാണ് സംഭവം. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റിൽവച്ചാണ് അപകടമുണ്ടാകുന്നത്. രഞ്ജിത്തിൻ്റെ സുഹൃത്ത് അജാസ് സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ കാറിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടം നടന്ന് തൊട്ടടുത്ത നിമിഷം മറ്റൊരു കാറിൽ രഞ്ജിത്ത് സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് വാഹനാപകട കേസ് രജിസ്റ്റർ ചെയ്തു. ഇതിൻ്റെ അന്വേഷണത്തിനിടെയാണ് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പോലീസ് കണ്ടെത്തിയത്. രഞ്ജിത്ത് കൃത്യസമയത്ത് സ്ഥലത്തെത്തിയതിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു. കാർ ഓടിച്ച അജാസിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ, കൂടുതൽ വിവരങ്ങൾ വ്യക്തമായി.