ഉണങ്ങാത്ത മുറിവുകളുമായി ഓര്‍മകളെ അതിജീവിക്കുന്നവര്‍; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്

ദുരന്തത്തെ അതിജീവിച്ച ഓരോ കുഞ്ഞുങ്ങളെയും ആ ആഘാതത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാന്‍ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നു എന്ന് ഉണ്ണികൃഷ്ണന്‍ മാഷ് ഓര്‍ത്തെടുക്കുന്നു.
ഉണങ്ങാത്ത മുറിവുകളുമായി ഓര്‍മകളെ അതിജീവിക്കുന്നവര്‍; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്
Published on

നാട് നടുങ്ങിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. അപകടത്തില്‍ 298 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു നാട് തന്നെ ഭൂപടത്തില്‍ നിന്നും ഇല്ലാതാകുന്ന കാഴ്ച. ദുരന്തത്തിന് പിന്നാലെ നാം സാക്ഷ്യം വഹിച്ചത് രാജ്യം കണ്ട മാതൃകാ രക്ഷപ്രവര്‍ത്തനത്തിനായിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം ദുരന്ത ഭൂമിയിലേക്ക് വീണ്ടും ഒരു യാത്ര നടത്തുകയാണ് ന്യൂസ് മലയാളം

അര്‍ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. ചെളി മൂടിയ ചൂരല്‍മല അങ്ങാടി, കൂറ്റന്‍ മരങ്ങളും പാറകളും അടിഞ്ഞു നില്‍ക്കുന്ന വെള്ളാര്‍മല സ്‌കൂള്‍, പൂര്‍ണമായും തകര്‍ന്ന വീടുകള്‍ വ്യാപാര സ്ഥാപനങ്ങള്‍, ആര്‍ത്തുപെയ്യുന്ന മഴ, കുത്തിയൊലിക്കുന്ന പുന്നപ്പുഴ ഇവക്കിടയിലൂടെ ഉറ്റവരെയും ഉടയവരെയും തേടുന്ന ഒരു നാട്. ഇതായിരുന്നു ആദ്യ കാഴ്ചകള്‍...

ഉണങ്ങാത്ത മുറിവുകളുമായി ഓര്‍മകളെ അതിജീവിക്കുന്നവര്‍; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്
തൃശൂരിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു പേർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണ അവിടേക്ക് പോയിട്ടുണ്ട്. പക്ഷേ... ഈ യാത്ര, വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഒരു വര്‍ഷത്തിനിപ്പുറം ഈ ജനത ഒരു പോരാട്ടത്തിലാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍.

ചൂരല്‍മല ദുരന്തത്തില്‍ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയുമടക്കം 11 പേരെയാണ് നൗഫലിന് ആ ഇരുണ്ട രാത്രിയില്‍ നഷ്ടമായത്. മുണ്ടക്കൈ ജുമാ മസ്ജിദിനു സമീപത്തായിരുന്നു നൗഫലിന്റെ വീട്, ഇന്ന് വീടിരുന്ന സ്ഥാനത്ത് ഒരടയാളം പോലും അവശേഷിക്കുന്നില്ല. ഉറ്റവരും ഉടയവരും നഷ്ടപെട്ട നൗഫലിനെ കൂട്ടുകാരും നാടും ചേര്‍ത്തു പിടിച്ചു. കുടുംബം ആഗ്രഹിച്ചിരുന്നത് പോലെ നൗഫല്‍ ഒരു ഹോട്ടല്‍ തുടങ്ങി. അവരുടെ ഓര്‍മയ്ക്കായാണ് ഹോട്ടലിന് ജൂലൈ 30 എന്ന പേര് നല്‍കിയത്.

ശ്മശാന മൂകതയാണ് ചൂരല്‍മലയില്‍. അങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറവും ആ മഹാ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഇവിടെയുണ്ട്.

ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പുന്നപ്പുഴക്ക് കുറുകെ നിര്‍മിച്ച ബെയ്ലി പാലം. അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പാലം. ആദ്യ ഘട്ടത്തില്‍ മരത്തടികള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ പാലത്തിലൂടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. പിന്നീട് സൈന്യം എത്തുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു. സ്ഥിര സംവിധാനം ഉണ്ടാകുന്നതുവരെ ബെയ്ലി പാലം ചൂരല്‍മലയില്‍ തുടരും.

ബെയ്ലി പാലത്തില്‍ നിന്നാല്‍ വെള്ളാര്‍മല സ്‌കൂള്‍ കാണാം. സ്‌കൂള്‍ ഇന്ന് പൂര്‍ണമായും ഉപയോഗ ശൂന്യമാണ്. ദിശ മാറി ഒഴുകുന്ന പുന്നപ്പുഴ സ്‌കൂള്‍ മുറ്റത്തൂടെയും സ്‌കൂളിന്റെ താഴ്ഭാഗത്തെ കെട്ടിടത്തിനുള്ളിലൂടെയുമാണ് ഒഴുകുന്നത്.

മുണ്ടക്കൈ ജുമാ മസ്ജിദിന് സമീപം വരെ മാത്രമേ ഇപ്പോള്‍ പ്രവേശനം ഉള്ളൂ. മഴ കനത്തു. കോട മഞ്ഞില്‍ പുഞ്ചിരിമട്ടത്തെ ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനം കാണാം. പാതി തകര്‍ന്ന മുണ്ടക്കൈ ജുമാ മസ്ജിദ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളം എന്ന് പറയാതെ പറയുന്നു. മുണ്ടക്കൈ ഒന്നാകെ ശൂന്യമാണ്. അടഞ്ഞുകിടക്കുന്ന വീടുകള്‍, ആരാധനാലയങ്ങള്‍, കടകള്‍, ആശുപത്രി. ഒരു നാട് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു.

ഇന്ന് മേപ്പാടിയിലാണ് വെള്ളാര്‍മല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ആ കുട്ടികളെ കാണാതെ ഉണ്ണിമാഷിനെ കാണാതെ എങ്ങനെ മടങ്ങാന്‍ കഴിയും. 32 കുരുന്നുകളെയാണ് അന്ന് വെള്ളാര്‍മല സ്‌കൂളിന് നഷ്ടമായത്. ദുരന്തത്തെ അതിജീവിച്ച ഓരോ കുഞ്ഞുങ്ങളെയും ആ ആഘാതത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാന്‍ വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നു എന്ന് ഉണ്ണികൃഷ്ണന്‍ മാഷ് ഓര്‍ത്തെടുക്കുന്നു. മുറിവുകള്‍ മനസിനാണ്, അത് ഉണങ്ങാന്‍ സമയമെടുക്കും. ഉണ്ണിമാഷ് വീണ്ടും കുട്ടികളുടെ അടുത്തേക്ക് ഓടി.

ഉണങ്ങാത്ത മുറിവുകളുമായി ഓര്‍മകളെ അതിജീവിക്കുന്നവര്‍; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്
മാത്യു കുഴൽനാടന് കുരുക്കിടാൻ ഇഡി; ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസ് അന്വേഷിക്കും

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ഉറങ്ങുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ' ജൂലൈ 30- ഹൃദയഭൂമി ' എന്നറിയപ്പെടുന്ന പൊതുശ്മശാനത്തില്‍ 265 കല്ലറകളാണുള്ളത്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം ഹാരിസണ്‍ പ്ലാന്റേഷന്റെ 64 സെന്റ് ഏറ്റെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ശ്മശാനം ഒരുക്കിയത്. തിരച്ചിലില്‍ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും സര്‍വമത പ്രാര്‍ഥനയോടെ ഇവിടെ സംസ്‌കരിച്ചു. പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് പലരെയും തിരിച്ചറിഞ്ഞത്. ശ്മശാന ഭൂമിയില്‍ ഉരുള്‍ സ്മാരകവും ഗവേഷണകേന്ദ്രവും ഉയരും. സ്മാരകത്തിന് സര്‍ക്കാര്‍ ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ഗവേഷണകേന്ദ്രമായി സ്മാരകം മാറും.

താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിലായി വാടക ക്വാട്ടേഴ്സുകളിലാണ് ഇന്ന് ചൂരല്‍മല-മുണ്ടക്കൈ നിവാസികള്‍ താമസിക്കുന്നത്.

ചൂരല്‍മല സ്‌കൂള്‍ റോഡില്‍ ഹൈസ്‌കൂളിന് തൊട്ട് സമീപത്തായിരുന്നു സംജു നിവാസില്‍ ബേബിയുടെ വീട്. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ബേബിയും ഭര്‍ത്താവ് സെല്‍വരാജും ഉള്‍പ്പെടെ 6 പേര്‍ വീട്ടിലുണ്ടായിരുന്നു. പരിക്കേല്‍ക്കാതെ എല്ലാവരും രക്ഷപെട്ടെങ്കിലും വീട് പൂര്‍ണമായും തകര്‍ന്നു. ഇന്ന് കാരപ്പുഴ ക്വാട്ടേഴ്സിലാണ് ബേബിയും കുടുംബവും താമസിക്കുന്നത്.

മഹാ ദുരന്തം ഉണ്ടാക്കിയ ആഘാതം മാസങ്ങളോളം പിന്തുടര്‍ന്നുവെന്ന് ആ അമ്മ ഓര്‍ത്തെടുക്കുന്നു. നാടൊന്നാകെ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍. ഇനി എന്തെല്ലാം സഹായം ലഭിച്ചാലും അവയൊന്നും നഷ്ടപ്പെട്ടതിന് പകരമാകില്ലെന്നാണ് നിറ കണ്ണുകളോടെ അവര്‍ പറയുന്നത്.

കാരപ്പുഴ ക്വാട്ടേഴ്സില്‍ 16 വാടകക്കാരുണ്ട്. സരിത നിവാസില്‍ സുശീല ഒറ്റക്കാണ് താമസം. വീട്ടുജോലിയെടുത്ത് കൂട്ടിവെച്ച സമ്പാദ്യം കൊണ്ട് നിര്‍മിച്ച വീടാണ് സുശീലയ്ക്ക് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. ടൗണ്‍ ഷിപ്പില്‍ പൂര്‍ത്തിയാകുന്ന മാതൃക വീട് അമ്മ നേരില്‍ പോയി കണ്ടിരുന്നു. ഉടന്‍ മറ്റ് വീടുകളുടെയും പണി പൂര്‍ത്തിയാക്കി അവിടേക്ക് മാറ്റണം എന്നാണ് അമ്മയുടെ ആവശ്യം.

എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തയ്യാറാവുന്ന പുനരധിവാസ ടൗണ്‍ഷിപ്പ്. അതിജീവിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ടൗണ്‍ഷിപ്പിലെ മാതൃക വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ടൗണ്‍ഷിപ്പ് ഉയരുമ്പോള്‍ ഒരു ജനതയുടെ പ്രതീക്ഷകള്‍ കൂടിയാണ് വളരുന്നത്.

ഈ ജനത ഇപ്പോഴും പോരാട്ടം തുടരുകയാണ്. അവരെ കണ്ടു മടങ്ങുമ്പോള്‍ മനസില്‍ വന്ന വാക്കുകള്‍ ഇങ്ങനെ 'Hope is the last thing ever lost'

Related Stories

No stories found.
News Malayalam 24x7
newsmalayalam.com