
അഫ്ഗാന് വിദേശകാര്യമന്ത്രി ആമിര്‍ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടപടി. പരിപാടിയില്‍ വനിത മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടി വലിയ വിമര്‍ശങ്ങള്‍ക്കാണ് വഴിവെച്ചത്. ഒറ്റ സ്ത്രീയെ പോലും വാര്‍ത്താസമ്മേളനം നടത്തുന്നിടത്തേക്ക് കടത്തിവിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് കടുത്ത വിലക്കാണ് മുത്തഖി അടക്കമുള്ള ഭാഗമായുള്ള താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ഒരു നടപടി അംഗീകരക്കാനാവില്ലെന്നാണ് ഉയരുന്ന പ്രതിഷേധം. വ്യാഴാഴ്ചയാണ് മുത്തഖി ഇന്ത്യയിലെത്തിയത്.
ഇന്ന് വിവിധ കരാറുകളില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. കാബൂളില്‍ വീണ്ടും ഇന്ത്യയുടെ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ ധാരണയായി. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യ സംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് എസ്. ജയശങ്കര്‍ അറിയിക്കുകയും ചെയ്തിരുന്നു.
താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
മതിയായ സുരക്ഷ നല്‍കുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കാബൂളില്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ഏക രാജ്യം റഷ്യയാണ്.
ഡല്‍ഹിയുമായുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ബന്ധങ്ങള്‍ക്കും നയതന്ത്ര അംഗീകാരത്തിനും വേണ്ടിയുള്ള സമീപ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കാനുള്ള താലിബാന്‍ ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ടുമാണ് മുത്തഖിയുടെ സന്ദര്‍ശനം നടന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ ധാതു ഖനനത്തിനുള്ള അനുമതി ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. താലിബാന്‍ അധികാരത്തില്‍ വന്നശേഷം ഇത് ആദ്യമായാണ് ഒരു അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു എന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി പിന്നീട് പ്രതികരിച്ചു.
അതോടൊപ്പം അഫ്ഗാന് ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം ഇന്ത്യയില്‍ നിന്ന് നല്‍കാനും ധാരണയായി. ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ധാരണയായത്. ആരോഗ്യ രംഗത്തുള്ള സഹകരണത്തിന്റെ ഭാഗമായി മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും നല്‍കും.