

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെ ജയില്‍വാസം അനുഭവിച്ച എ.ജി. പേരറിവാളന്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു എൻറോൾമെന്റ്.
2022 മെയ് 18 നാണ് സുപ്രീം കോടതി പേരറിവാളനെ ജയില്‍മോചിതനാക്കിയത്. ശേഷം കര്‍ണാടകയിലെ ഒരു സ്വകാര്യ ലോ കോളേജില്‍ ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കി. തമിഴ്നാട്-പുതുച്ചേരി ബാര്‍ കൗണ്‍സില്‍ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു എൻറോൾമെന്റ് ചടങ്ങുകള്‍.
54 കാരനായ പേരറിവാളന്‍ മദ്രാസ് ഹൈക്കോടതിയിലായിരിക്കും പ്രാക്ടീസ് ചെയ്യുക. ക്രിമിനല്‍ അഭിഭാഷകനാകുക എന്നതായിരുന്നില്ല തന്റെ ആഗ്രഹമെന്നും പേരറിവാളന്‍ പറഞ്ഞു.
'എന്റെ ലക്ഷ്യം ഒരിക്കലും ഒരു അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാവുക എന്നതല്ല. ആയിരക്കണക്കിന് പേരാണ് നിയമ പരിരക്ഷ ലഭിക്കാതെ ജയിലുകളില്‍ കിടക്കുന്നത്. പ്രത്യേകിച്ചും സഹായം ലഭിക്കാത്തതിനാല്‍ നീതി നിഷേധിക്കപ്പെട്ട, അകാല മോചനത്തിനായി കാത്തിരിക്കുന്ന അതിദരിദ്രരായ തടവുകാര്‍,' പേരറിവാളന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളനെ തെറ്റായി പ്രതിചേര്‍ത്തതെന്നായിരുന്നു പേരറിവാളന്റെ അമ്മ അര്‍പുതമ്മാളും ബന്ധുക്കളും വാദിച്ചത്. 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് പേരറിവാളന്‍ കേസില്‍ ജയില്‍ മോചിതനാകുന്നത്. 2022 മെയിലാണ് സുപ്രീംകോടതി പേരറിവാളന്റെ ജയില്‍ മോചിതനാക്കുന്നതിന് ഉത്തരവിടുന്നത്.