26 സെക്കന്റിനുള്ളില്‍ എന്ത് പിഴവായിരിക്കും സംഭവിച്ചിരിക്കുക? എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സൂക്ഷ്മ പരിശോധന

വിമാനത്തിന്റെ പിന്‍ഭാഗത്തെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ ചില യന്ത്രഭാഗങ്ങള്‍ കത്തിയിരുന്നതായി കണ്ടെത്തി
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം
Image: Social media News Malayalam 24X7
Published on

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ നിര്‍ണായക സൂചനകള്‍ തിരഞ്ഞ് അന്വേഷണ സംഘം. വിമാനം പറന്നുയര്‍ന്ന് 26 സെക്കന്റിനുള്ളില്‍ ദുരന്തത്തിന് കാരണമായ എന്ത് പിഴവായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നാണ് പരിശോധന നടത്തുന്നത്. ഇതിനായി വിമാനത്തിന്റെ അവിശഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

വിമാനത്തിന്റെ പിന്‍ഭാഗത്തെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചില യന്ത്രഭാഗങ്ങള്‍ കത്തിയിരുന്നതായി കണ്ടെത്തി. ഇത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നാണ് സംശയിക്കുന്നത്. എന്നാല്‍, തീപിടിച്ചത് പിന്‍ഭാഗത്തെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുണ്ടായ തീപിടുത്തമാണോ എന്നാണ് പരിശോധിക്കുന്നത്.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം
എയര്‍ ഇന്ത്യ വിമാനാപകടം: ഇരകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 500 കോടി രൂപയുടെ ക്ഷേമ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ ഗ്രൂപ്പ്

അപകടത്തിനു ശേഷമുണ്ടായ സ്‌ഫോടനത്തിലും ഇന്ധന തീപിടിത്തത്തിലും വിമാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ കരിഞ്ഞുപോയെങ്കിലും, വാല്‍ഭാഗം വേര്‍പെടുകയും കാര്യമായ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. വാലറ്റത്തുള്ള യന്ത്രഭാഗങ്ങള്‍ അപകട സ്ഥലത്തു നിന്ന് കണ്ടെത്തി സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. പറന്നുയരുന്ന സമയത്ത് വൈദ്യുത വിതരണത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം
'നിരുത്തരവാദപരമായ റിപ്പോര്‍ട്ട്'; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് തള്ളി എഎഐബി

വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് വാലറ്റത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ആന്തരികതാപം മൂലം ഇതിന് കേടുപാടുകള്‍ സംഭവിച്ചതായും സൂചനയുണ്ട്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ പിന്‍ഭാഗം തകര്‍ന്നത്. എന്നാല്‍, ഈ ആഘാതം മൂലം ബ്ലാക്ക് ബോക്‌സിന് കാര്യമായ കേടുപാടുകള്‍ ഉണ്ടാകേണ്ടതല്ല. അതേസമയം, മുന്‍വശത്തുള്ള ബ്ലാക്ക് ബോക്‌സിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പ്രവര്‍ത്തനത്തിനായി വിമാനത്തിന്റെ പ്രധാന വൈദ്യുതി സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, കോക്പിറ്റിലുള്ള ബ്ലാക്ക് ബോക്‌സ് പ്രവര്‍ത്തിക്കുന്നത് ബാറ്ററിയിലാണ്. വൈദ്യുതി നിലച്ചാലും ഇതിന്റെ റെക്കോര്‍ഡിങ് തുടരും.

ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച തകരാറാണോ പിന്‍ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമായത് എന്നാണ് വിദഗ്ധ സംഘം അന്വേഷിക്കുന്നത്. അതല്ലെങ്കില്‍ കെട്ടിടത്തില്‍ ഇടിച്ചതിനു ശേഷമാണോ തീപിടിച്ചത് എന്നും പരിശോധിക്കുന്നുണ്ട്. വിമാനം ഇടിച്ചിറങ്ങിയിട്ടും കെട്ടിടത്തിലെ വൈദ്യുതി സംവിധാനങ്ങളിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ തീ പടര്‍ന്നിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com