
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് കടുത്ത മാനസികാഘാതത്തിലെന്ന് ബന്ധു. ദുരത്തിന്റെ നടുക്കത്തില്‍ നിന്നും വിശ്വാസ് കുമാര്‍ രമേശ് ഇതുവരെ മോചതിനായിട്ടില്ലെന്നാണ് ബന്ധുവിന്റെ പ്രതികരണം.
ദുരന്തമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയിരിക്കുകയാണ് വിശ്വാസ് എന്നും അദ്ദേഹത്തിന്റെ ബന്ധു സണ്ണി പറഞ്ഞതായി എന്‍ഡിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തിനു ശേഷം രാത്രി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരും. പിന്നെ ഉറങ്ങാനാകില്ല. വിദേശത്തുള്ള ബന്ധുക്കള്‍ വിവരം അന്വേഷിച്ച് പതിവായി വിളിക്കാറുണ്ടെങ്കിലും വിശ്വാസ് ആരോടും സംസാരിക്കാറില്ലെന്നും സണ്ണി പറയുന്നു.
'അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് അവന്‍ ഇതുവരെ മോചിതനായിട്ടില്ല. രാത്രി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരും, പിന്നെ ഉറങ്ങാന്‍ കഴിയില്ല. ആരോടും സംസാരിക്കാറില്ല. രണ്ട് ദിവസം മുമ്പാണ് സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയത്. ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷമേ ലണ്ടനിലേക്ക് തിരിച്ചു പോകുകയുള്ളൂ'- സണ്ണി പറഞ്ഞു.
സഹോദരന്‍ അജയ് അടക്കം 241 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരനാണ് വിശ്വാസ്. ജൂണ്‍ 12 നായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശ്വാസ് ജൂണ്‍ 17 നായിരുന്നു ആശുപത്രി വിട്ടത്.
അതേസമയം, വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പ് പൈലറ്റുമാര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താന്‍ ഓഫ് ചെയ്തതല്ലെന്ന് സഹപൈലറ്റ് മറുപടി നല്‍കുന്നതും കോക്പിറ്റ് ഓഡിയോയില്‍ വ്യക്തമാണ്. വിമാനത്തിലെ പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം. എന്നാല്‍ ആരാണ് ചോദ്യം ചോദിച്ചതെന്നും ആരാണ് മറുപടി നല്‍കിയതെന്നും വ്യക്തമല്ല.
എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്‌തെങ്കിലും ഒരു എഞ്ചിന്‍ ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. 32 സെക്കന്റില്‍ വിമാനം നിലംപതിച്ചു.
ജൂണ്‍ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്.