"ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഒരിക്കലും തനിയെ ഓഫാകില്ല" ; അഹമ്മദാബാദ് വിമാനാപകടത്തിൽ ദുരൂഹതയെന്ന് വ്യോമയാന വിദഗ്ധർ

നിങ്ങൾ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് പൈലറ്റുമാരിലൊരാൾ ചോദിക്കുമ്പോൾ, താനങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു അടുത്ത പൈലറ്റിന്റെ മറുപടി
Ahmedabad Air India Crash
അഹമ്മദാബാദ് വിമാന ദുരന്തംSource: ANI
Published on

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ദുരൂഹത സംശയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന വിദഗ്ധർ. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തൽ. ഇന്ധന സ്വിച്ചുകൾ ഒരു കാരണവശാലും തനിയെ റൺ മോഡിൽ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവിച്ചത് പിഴവോ, തകരാറോ എന്ന് റിപ്പോർട്ടിലും സ്ഥിരീകരണമില്ല. ഇന്ധന സാമ്പിൾ ഫലമെല്ലാം തൃപ്തികരമായതിനാൽ ഇന്ധന മലിനീകരണത്തെ തുടർന്നുള്ള ഇരട്ട എഞ്ചിൻ തകരാർ സാധ്യതയും റിപ്പോർട്ട് തള്ളുന്നു.

കോക്പിറ്റ് സംഭാഷണവും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച അന്വേഷണ സംഘം വിമാനത്തിന്റെ ലിഫ്റ്റ് ഓഫിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറിയെന്ന അനുമാനത്തിലാണ് എത്തിനിൽക്കുന്നത്. രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഇത്തരത്തിൽ നീങ്ങി. നിങ്ങൾ എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് പൈലറ്റുമാരിലൊരാൾ ചോദിക്കുന്നുണ്ട്. താനങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു അടുത്ത പൈലറ്റിന്റെ മറുപടി.

കട്ട് ഓഫ് മോഡിൽ നിന്ന് നിമിഷങ്ങൾക്കകം സ്വിച്ചുകൾ റൺ മോഡിലേക്ക് തന്നെ മാറി. എഞ്ചിനുകളുടെ ത്രസ്റ്റ് വീണ്ടെടുക്കാനുള്ള പൈലറ്റുമാരുടെ ശ്രമത്തിന്റെ ഫലമാകാം ഇതെന്നാണ് നിഗമനം. പക്ഷെ വിമാനം വളരെ താഴ്ന്ന് പറക്കുകയായതിനാൽ എഞ്ചിനുകൾ സുരക്ഷിതമായി തിരിച്ചെടുക്കാൻ മതിയായ സമയം ലഭിച്ചില്ല. ലിഫ്റ്റ് ഓഫിനും ക്രാഷിനുമിടയിൽ 30 സെക്കൻസ് സമയം മാത്രമാണുണ്ടായത്.

Ahmedabad Air India Crash
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായി, ഒരു എഞ്ചിൻ പ്രവർത്തിച്ചത് ഭാഗികമായി; അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്ക് ആകസ്മിക ചലന സാധ്യത ഇല്ലെന്നാണ് എയർലൈൻ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൈലറ്റുമാരുടെ ബോധപൂർവുമുള്ള ഇടപെടലിലൂടെ മാത്രമെ അത് സാധ്യമാകൂ. സ്വിച്ചുകൾ തനിയെ നീങ്ങിമാറാതിരിക്കാനായി പ്രത്യേക സംരക്ഷണത്തോടെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ സ്വിച്ച് പൊസിഷൻ റണ്ണിൽ നിന്ന് കട്ട് ഓഫിലേക്ക് മാറ്റുന്നതിന് പൈലറ്റുമാർക്ക് പ്രത്യേക ലോക്ക് മെക്കാനിസവുമുണ്ട്.

സാധാരണയായി എയർ ക്രാഫ്റ്റ് ഗ്രൗണ്ടിലായിരിക്കുമ്പോൾ മാത്രമാണ് വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പ്രവർത്തിപ്പിക്കുന്നത്. പുറപ്പെടുന്നതിന് മുൻപ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനും ലാൻഡിങ്ങിന് ശേഷം എഞ്ചിൻ ഓഫിനുമായി മാത്രം. റിച്ച് ഇന്ധന സ്വിച്ചുകൾ പ്രവർത്തിപ്പിക്കേണ്ടി വരുന്നത് ഏതെങ്കിലും തരത്തിൽ എഞ്ചിൻ തകരാറോ അല്ലെങ്കിൽ വിമാന സുരക്ഷ ഉറപ്പാക്കാൻ ഇന്ധന വിതരണം നിർത്തേണ്ടി വരുമ്പോഴോ ആണ്. എഞ്ചിൻ സുരക്ഷിതമായി തിരികെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ ഉടൻ തന്നെ ഇത് ഓൺ ചെയ്യാറുമുണ്ട്.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അടക്കമുള്ള കോക്പിറ്റ് നിയന്ത്രണ സംവിധാനങ്ങൾ 2019ലും 2023ലും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ തകരാറായിരുന്നില്ല ഈ അറ്റകുറ്റപണികൾക്ക് കാരണമെന്നും വ്യക്തമാണ്. 2023ന് ശേഷം ഒരു തകരാറും കോക്പിറ്റ് സംവിധാനങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടില്ല. 2018ൽ യുഎസ് ഫെഡൽ ഏവിയേഷൻ പുറത്തിറക്കിയ വിമാനത്തിലെ ഇന്ധന സ്വിച്ച് വിച്ഛേദന സാധ്യതാ റിപ്പോർട്ടിനെ കുറിച്ചും അന്വേഷണ സംഘം പ്രത്യേകം പരാമർശിക്കുന്നു.

എല്ലാതരത്തിലുമുള്ള നിർദേശങ്ങളും അലേർട്ടുകളും എഞ്ചിൻ പ്രവർത്തനത്തിലും വിമാനത്തിലും പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥ പ്രശ്നമോ പക്ഷികളുടെ ഇടിയോ ഉണ്ടായിട്ടില്ല. വിമാനത്തിൽ മറ്റേതെങ്കിലും വിധത്തിൽ അപകടരമായ വസ്തുക്കൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടില്ല. ടേക്ക് ഓഫ് ഭാരവും അനുവദനീയമായ വിധമായിരുന്നു.

Ahmedabad Air India Crash
അഹമ്മദാബാദ് വിമാനാപകടം: ദുരന്ത കാരണം ഈ പെട്ടിയിലുണ്ടായേക്കും; എന്താണ് ബ്ലാക്ക് ബോക്സ്?

വിമാനത്തിൽ നിന്ന് പരിമിതമായ അളവിൽ മാത്രമെ ഇന്ധനം വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ. വിമാനത്തിൽ ഇന്ധനം നിറച്ച ബൗസറുകളിൽ നിന്നും ടാങ്കുകളിൽ നിന്നുമെടുത്ത ഇന്ധന സാമ്പിളുകളെല്ലാം തൃപ്തികരമാണ്. ഇന്ധന മലിനീകരണത്തെ തുടർന്നുള്ള ഇരട്ട എഞ്ചിൻ തകരാർ സാധ്യത തള്ളുന്നതാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പൈലറ്റ് ക്ലൈവ് കുന്ദറാണ്. പൈലറ്റ് ഇൻ കമാൻഡ് ആയിരുന്നത് സുമീത് സബർബാളും. സുമിത് സബർവാൾ 8600 മണിക്കൂർ വിമാനം പറത്തിയ പൈലറ്റാണ്. കുന്ദർ 1100 മണിക്കൂർ പറത്തൽ പരിചയമുള്ള പൈലറ്റും. അപകടമുണ്ടായ യാത്രയ്ക്ക് മുൻപ് ഇരു പൈലറ്റുമാർക്കും ആവശ്യമായ വിശ്രമവും ലഭിച്ചിരുന്നതായും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com