

ഡൽഹി; ഇന്തോ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള 25ാമത് പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചെെനയിലേക്ക് തിരിക്കും. ചൊവ്വാഴ്ച ബെയ്ജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്-യിയുമായി ഡോവൽ നിർണ്ണായക ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ആണ് NSAയുടെ ചൈനാ സന്ദർശനം.
2020 ലെ ഗാൽവാൻ താഴ്‌വര സംഘർഷത്തിനും കിഴക്കൻ ലഡാക്കിൽ തുടർന്നുണ്ടായ സംഘർഷത്തിനും ശേഷം ഏകദേശം അഞ്ച് വർഷത്തേക്ക് ചർച്ചകൾ നിർത്തിവച്ചിരുന്നു. 2024 ഡിസംബറിൽ ബീജിംഗിലാണ് വീണ്ടും ചർച്ചകൾക്കുള്ള സാധ്യത തുറന്നത്. അതിനുശേഷം സൈനിക തല ചർച്ചകൾക്കായി ബീജിംഗിലേക്കുള്ള ഡോവലിന്റെ ആദ്യ സന്ദർശനമാണിത്.
അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷീ-ജിൻ പിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്. ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഉലച്ചിൽവന്ന ഇന്ത്യ - ചെെന ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായ ഉന്നതതല ചർച്ചകൾ. ചെെനീസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.