

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ സിജെപി നോതാവ് അഭിജിത്ത് ദീപ്കെയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാർട്ടി പ്രവർത്തകൻ അജിൻക്യ ഷിൻഡെ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈയിൽ നിന്ന് 500 കിലോമീറ്ററിലധികം അകലെയുള്ള ഔസയ്ക്കു സമീപമുള്ള ജവാലിയിലെ സില്ല പരിഷത്ത് ഉറുദു സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ്ബാനോ ഖൈറാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിജെപി സ്ഥാപകനും അനുയായികളും അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികൾക്കിടയിൽ ഇരിക്കുകയും അവരോട് വിവിധ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതിലൂടെ അധ്യാപകരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായാണ് ആരോപണം. ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ സിജെപി പങ്കുവച്ചതായും എഫ്ഐആർ പ്രകാരമുള്ള പരാതിയിൽ പറയുന്നു.
അധ്യാപകരെ സസ്പെൻഡ് ചെയിക്കുമെന്ന് അദ്ദോഹം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ദീപ്കെ പിന്നീട് സ്കൂളിനെ അപകീർത്തിപെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ 132,329(3),351(2), 356(2)എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.