

ഡൽഹി: ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് വീണ്ടും സജീവമാക്കി ബിജെപി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാര്ലമെന്റിൽ പാസാക്കിയെടുക്കാനുള്ള നീക്കവും ഇതിനൊപ്പം സർക്കാരിൽ നിന്ന് ഉണ്ടായേക്കും. ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.
ഒരു ഇടവേളയ്ക്ക് ശേഷം വിഷയത്തിൽ പുതിയ നീക്കവുമായി രംഗത്തുവരികയാണ് ബിജെപി. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ ഇരിക്കെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
രാജ്യത്തെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ ഇരുപത്തി രണ്ടിലും എൻഡിഎ ഭരണമാണ്. ഇതിൽ ഉത്തർപ്രദേശും ഗുജറാത്തും അടക്കം പതിനാറു ഇടത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും . പതിനാറിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ നിലവിൽ എൻഡിഎ ഭരണമാണ്. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നിടങ്ങളിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനു ഒപ്പമാണ് വോട്ടെടുപ്പ്.
അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും ബിജെപിയുടെ അന്തിമ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനു ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ യുപിയിൽ അടുത്ത വർഷം അധികാരത്തിൽ വരാൻ പോകുന്ന സർക്കാരിന്റെ കാലാവധി രണ്ടു വർഷമായി കുറയും.
അതേസമയം വരുന്ന ശൈത്യ സമ്മേനത്തിൽ ബിജെപി അംഗം പി.പി. ചൗധരി അധ്യക്ഷനായ ജെപിസി സമിതി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് സഭയിൽ വയ്ക്കും. വിവിധ രാഷ്ട്രീയകക്ഷികളുമായും വിദഗ്ധരുമായും സമിതി ചർച്ചകൾ തുടരുകയാണ്. 2024 ഡിസംബറിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് ജെപിസിക്ക് വിട്ടത്.