

ചെന്നൈ: ലാന്‍ഡ് ചെയ്ത് ടാക്‌സിവേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തു ചാടി പരിഭ്രാന്തി സൃഷ്ടിച്ചിച്ച് യാത്രക്കാരന്‍. ചെന്നൈ വിമാനത്താവളത്തില്‍ പുലര്‍ച്ചെ ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ 34കാരനാണ് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്ത് ചാടിയത്.
വിമാനം മുഴുവനായും നില്‍ക്കുന്നതിന് മുമ്പായി ടാക്‌സിവേയിലൂടെ നടക്കുമ്പോഴാണ് സംഭവമെന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. യാത്രക്കാരന്‍ ചാടുമ്പോള്‍ വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ജീവഹാനിയോ വിമാനത്തിന് കോടുപാടോ സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രധാന റണ്‍വേയിലല്ല സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെയാണ് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്ത് ചാടിയതെന്നും അദ്ദേഹം പറഞ്ഞു.
'യാത്രക്കാരന്‍ രണ്ട് തവണ വിമാനത്തില്‍ വച്ച് ഛര്‍ദിച്ചിരുന്നു. വീണ്ടും ഛര്‍ദിച്ചേക്കുമെന്ന തോന്നലുമുണ്ടായിരുന്നു. ഇതോടെയാണ് ചാടിയത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തിന് ശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ പുലര്‍ച്ചെ 3.23 മുതല്‍ 4.23 വരെ അടച്ചിട്ടു.