

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിന് സമീപം നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ശ്രമിക്കവെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരുന്നു. മമത ബാനർജിയെ കസ്റ്റഡിയിലെടുത്തത് കുത്തിയിരിപ്പ് പ്രതിഷേധത്തിനിടെയാണ്. പാട്ട് പാടിയും വാ മൂടിക്കെട്ടിയും മമത പ്രതിഷേധിച്ചത്. അരവിന്ദ് കെജ്‌രിവാളിനെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
പിണറായി വിജയനെ സ്റ്റേഷനിലെത്തിക്കാതെ വാഹനത്തിൽ വട്ടം കറക്കി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ദിർമാർഗ് സ്റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂർ ചുറ്റിക്കറക്കിയ ശേഷമാണ്. പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിലെ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
എസ്എഫ്ഐ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. മാർച്ചിൽ ഐഷി ഘോഷ് അടക്കമുള്ള നേതാക്കൾക്ക് മർദനമേറ്റു. നേഹാ ബോറ ഉൾപ്പെടെ ഐസ നേതാക്കളെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമം നടത്തി. കേരളത്തിനുള്ള റിപ്പോർട്ടർ ചാനൽ പ്രതിനിധികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും ഡൽഹിയെ തുറന്ന ജയിൽ പോലെയാക്കി മാറ്റിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഈ വിഷയം തിങ്കളാഴ്ച സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇന്ത്യാസഖ്യം നേതാക്കൾ അറിയിച്ചു. വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾ ആരോപിച്ചും, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചത്.