

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
നിങ്ങളോടൊപ്പം ഉണ്ടെന്നും സമരം തുടരാനും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ പോരാട്ടം നടത്തിവരികയാണ്. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് ഈ കഥയിലെ വില്ലന്മാർ എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മോദീ, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോളൂ. എല്ലാ പൊലീസുകാരെയും വിളിക്കൂ. എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ. എല്ലാ യുവാക്കളേയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെയെല്ലാവരേയും അറസ്റ്റ് ചെയ്യൂ. ഞങ്ങൾ നിങ്ങളെ എല്ലാ വശത്തുനിന്നും വളഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പിന്നോട്ട് പോകില്ല. ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഞങ്ങളുടെ കൈയിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.