ഡൽഹി: കേന്ദ്രസർക്കാരിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതോടെ ഡിഎംകെയെ കടന്നാക്രമിച്ച് ടിവികെ. സ്റ്റാലിന്‍റെ പഴയ വീഡിയോകളും മറ്റും വീണ്ടും ഷെയര്‍ ചെയ്ത് ടിവികെ അണികള്‍ നേരത്തെ തന്നെ ഡിഎംകെയുടെ നിലപാട് മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിന് പുറമേയാണ് നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജോസഫ് വിജയ് നടത്തിയ ഒരു പ്രസംഗം വൈറലാകുന്നത്. ഡിഎംകെ തെരഞ്ഞെടുപ്പ് തോറ്റാല്‍ മോദിയുടെ കാലില്‍ വീഴും എന്നാണ് വിജയ് അന്ന് പ്രവചിച്ചത്.
"ഈ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തോല്‍ക്കും എന്നത് നിശ്ചയമാണ്. അതിന് പിന്നാലെ എന്ത് സംഭവിക്കും എന്ന് ഞാന്‍ പറയാം. അതിന് ശേഷം സ്റ്റാലിന്‍ മോദിയുടെയും അമിത് ഷായുടെയും കാലില്‍ വീഴും. കാരണം പാര്‍ട്ടിയെ രക്ഷിക്കണമല്ലോ. അത്രയും അഴിമതിയും ആക്രമണവും അല്ലെ അവര്‍ നടത്തിയത്" എന്നാണ് വിജയ് ഈ പ്രസംഗത്തില്‍ പറയുന്നത്. അതേ സമയം സ്റ്റാലിന്‍ സവര്‍ക്കര്‍ 2.0 ആണെന്നാണ് ടിവികെ ഔദ്യോഗിക ഹാന്‍റില്‍ പരിഹസിച്ചത്.
അതേ സമയം ലോക്സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ അറിയിച്ചു. തമിഴ്‌നാടിന് 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേർത്തു.
പുതുക്കിയ ബിൽ തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും സംസ്ഥാനത്തിൻ്റെ മൂന്ന് വർഷത്തെ പോരാട്ടത്തിൻ്റെ വലിയ വിജയമാണെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ചെന്നൈയിൽ ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം.
പുതിയ ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം കുറയുകയും ചെയ്യുമെന്നായിരുന്നു ഡിഎംകെയുടെ ആശങ്ക. എന്നാൽ പുതുക്കിയ നിർദേശത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ 50 ശതമാനം സീറ്റ് വർധന ഉറപ്പാക്കുന്നതിലൂടെ നിലവിലെ വിഹിതം സംരക്ഷിക്കപ്പെടുമെന്നാണ് പാർട്ടിയുടെ നിലപാട്.
നേരത്തെ മണ്ഡല പുനർനിർണയത്തിനായുള്ള കേന്ദ്ര നീക്കത്തെ ഡിഎംകെ എതിർത്തിരുന്നു. ലോക്‌സഭയിലെ നിലവിലെ 543 സീറ്റുകൾ തന്നെ നിലനിര്‍ത്തണമെന്ന് തമിഴ്നാട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ പുതുക്കിയ നിർദേശത്തിൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.