

ഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ നാളെ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകൾ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കും. ഭരണഘടനാ ദിനമായ നാളെ ഡല്‍ഹിയില്‍ പ്രതിഷേധങ്ങളുടെ പരമ്പരയ്ക്കാണ് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ്-ഇടത് യുവജന, വിദ്യാര്‍ഥി സംഘടനകള്‍, എസ്.ഐ.ആർ വിരുദ്ധ കൂട്ടായ്മ, സിജെപി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡല്‍ഹിയടക്കം നൂറ് കേന്ദ്രങ്ങളില്‍ കര്‍ഷക സംഘടനകളും തെരുവിലിറങ്ങും.
ഡി.സി.സികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസും എൻഎസ്‌യുഐയും ഡല്‍ഹിയില്‍ പ്രത്യേകമായി പ്രതിഷേധിച്ചേക്കും. ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍, ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച എസ്.ഐ.ആർ വിരുദ്ധ കൂട്ടായ്മ, പൗരാവകാശ സംഘടനകള്‍ എന്നിവരും അണിനിരക്കും. ഉച്ചയ്ക്ക് 12.30ന് മന്ദിര്‍ മാര്‍ഗിലെ വാല്‍മീകി സദനില്‍ നിന്നാണ് പ്രതിഷേധം ആരംഭിക്കുക.
സിജെപിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സമാധാന ബോണ്ട് ഒപ്പിട്ടതിനാല്‍ സിജെപി നേതാക്കള്‍ നേരിട്ട് സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അതേസമയം, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹിയടക്കം നൂറ് കേന്ദ്രങ്ങളില്‍ കര്‍ഷക സംഘടനകളും പ്രതിഷേധിക്കും. ഡല്‍ഹിയില്‍ മന്ദിര്‍ മാര്‍ഗിലെ കാളിബാരി മന്ദിറില്‍ നിന്നാണ് കര്‍ഷകരുടെ പ്രതിഷേധം ആരംഭിക്കുക.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജിക്ക് പുറമെ, ഏഴ് ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. ദീപാവലി, ഛഠ് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് നേരത്തേ പ്രതിഷേധം താല്‍ക്കാലികമായി മാറ്റിവച്ചത്. അതേസമയം, ഇന്ത്യാ സഖ്യത്തിൻ്റെ അടുത്ത പ്രതിഷേധ പരിപാടി സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല.