

ഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹിമാലയൻ അതിർത്തികളിൽ ഇന്ത്യ നടത്തുന്ന വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ. 2020ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷമാണ് അതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.
ചൈന വർഷങ്ങളായി അവരുടെ വശത്ത് റെയിൽവേയും ഹൈവേകളും നിർമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയും ശതകോടികൾ ചെലവഴിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഈ മേഖലയിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അതിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായി ഹിമാലയം മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയുമായി സമാധാന ചർച്ചകൾ നടക്കുമ്പോഴും, അതിർത്തിയിൽ പിന്മാറാൻ ഇന്ത്യ തയ്യാറല്ല എന്ന ശക്തമായ സന്ദേശമാണ് ഈ നിർമാണ പ്രവർത്തനങ്ങളിലൂടെ നൽകുന്നത്. അതിർത്തി പ്രദേശം വികസിപ്പിക്കാതിരുന്നാൽ ശത്രുക്കൾക്ക് വരാൻ ബുദ്ധിമുട്ടാകും എന്ന പഴയ നയം ഇന്ത്യ ഉപേക്ഷിച്ചു. പകരം വേഗത്തിൽ സൈന്യത്തെ വിന്യസിക്കാൻ അത്യാധുനിക സൗകര്യങ്ങൾ വേണമെന്ന നയമാണ് ഇന്ത്യ ഇപ്പോൾ പിന്തുടരുന്നത്.
ഇന്ത്യക്കും ചൈനയ്‌ക്കും ഇടയിലുള്ള 2,200 മൈൽ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി ) വളരെക്കാലമായി സംഘർഷത്തിൻ്റെ കേന്ദ്രബിന്ദുവാണ്. 2020ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക മുന്നൊരുക്കത്തിൻ്റെ യഥാർഥ്യം തുറന്നുകാട്ടിയിരുന്നു.
സോജില ടണൽ
ഏകദേശം 14 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം 11,500 അടി ഉയരത്തിലാണ് നിർമിക്കുന്നത്. ലഡാക്കിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി എല്ലാ കാലാവസ്ഥയിലും ബന്ധിപ്പിക്കാൻ ഇത് സഹായിക്കും. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാരണം മാസങ്ങളോളം ഈ പ്രദേശം ഒറ്റപ്പെടുമായിരുന്നു. ഇനി മുതൽ സൈനികർക്കും ആയുധങ്ങൾ വഹിക്കുന്ന വാഹനങ്ങൾക്കും എളുപ്പത്തിൽ ഇവിടേക്ക് സഞ്ചരിക്കാം.
മുധ്-ന്യോമ വ്യോമതാവളം
അതിർത്തിയിൽ നിന്ന് വെറും 30 കിലോമീറ്റർ മാത്രം അകലെയാണിത്. 14,000 അടി ഉയരത്തിലാണ് ഈ വ്യോമതാവളം. അമേരിക്കൻ നിർമിത സി130ജെ പോലുള്ള വലിയ വിമാനങ്ങൾക്ക് ഇവിടെ ഇറങ്ങാൻ സാധിക്കും. കൂടാതെ ഇന്ത്യൻ സൈനികരെ മിനിറ്റുകൾക്കുള്ളിൽ അതിർത്തിയിൽ എത്തിക്കാനും സഹായിക്കും.
റോഡുകളും പാലങ്ങളും
ആയിരക്കണക്കിന് കിലോമീറ്റർ റോഡുകളും മുപ്പതിലധികം ഹെലിപാഡുകളും പാംഗോങ് തടാകത്തിന് സമീപം പുതിയ പാലങ്ങളും ഇന്ത്യ നിർമിച്ചുകഴിഞ്ഞു. പണ്ട് ചൈനീസ് സൈന്യത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിർത്തിയിൽ എത്താൻ കഴിയുമായിരുന്നു, എന്നാൽ ഇന്ത്യൻ സൈന്യം ഇവിടേക്ക് എത്താൻ ആഴ്ചകൾ എടുത്തിരുന്നു. ഈ വിടവ് നികത്താനാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ ത്വരിതപ്പെടുത്തുന്നത്.
ചരക്കു നീക്കം
സമുദ്രനിരപ്പിൽ നിന്ന് ഇത്രയും ഉയരത്തിൽ നിൽക്കുന്നതിനാൽ ഓരോ സൈനികനും പ്രതിമാസം 100 കിലോ സാധനങ്ങൾ (ഭക്ഷണം, വസ്ത്രം, ഇന്ധനം) ആവശ്യമാണ്. മുൻപ് ഇവ ചുമട്ടുതൊഴിലാളികളും കഴുതകളുമാണ് എത്തിച്ചിരുന്നത്. പുതിയ റോഡുകൾ വരുന്നതോടെ ട്രക്കുകൾക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കാനാകും.
പാങ്കോങ് തടാക മേഖലയിലും നിർമാണം
പാങ്കോങ് ത്സോ തടാക മേഖലയിലും പ്രവർത്തനങ്ങൾ വ്യാപകമാണ്. ഇന്ത്യയുടെ ലഡാക്കും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവും വ്യാപിച്ചുകിടക്കുന്ന ഈ തടാകം വളരെക്കാലമായി തർക്ക വിഷയമാണ്. 2020 മുതൽ ഇരു രാജ്യങ്ങളും അവിടെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വേഗത്തിൽ വികസിപ്പിച്ചിട്ടുണ്ട്. തടാകത്തിൻ്റെ വടക്ക്-തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം ചൈന അടുത്തിടെ പൂർത്തിയാക്കി സൈനിക നീക്കത്തിന് സൗകര്യമൊരുക്കിയിരുന്നു.