

ജയ്പൂർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ ബസിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 20 ആയി ഉയർന്നു. 15 പേരുടെ നില ഗുരുതരമാണ്. ഇതിൽ പലർക്കും 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ജയ്സാൽമീറിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവർക്ക് ജോധ്‌പൂരിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകും. ദുരന്തത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബസിലെ വയറുകളിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിൻ്റെ കാരണം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 57ഓളം പേർ ബസിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. തീപടർന്നത് കണ്ട് ഡ്രൈവർ വാഹനം ഉടൻ നിർത്തിയെങ്കിലും, നിമിഷനേരത്തിനുള്ളിൽ ബസിനെയാകെ തീ വിഴുങ്ങുകയായിരുന്നു. അഞ്ച് ദിവസം മുൻപ് വാങ്ങിയ പുതിയ ബസാണ് അപകടത്തിൽ പെട്ടത് എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ദുരന്തസ്ഥലം സന്ദർശിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ബസ് ജെയ്‌സാല്‍മീറില്‍ നിന്നും യാത്ര പുറപ്പെട്ടത്. ജെയ്‌സാല്‍മീര്‍-ജോധ്പൂര്‍ ഹൈവേയില്‍ വെച്ച് ബസിന്റെ പിന്‍ഭാഗത്തു നിന്ന് പുക ഉയരാന്‍ തുടങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീപിടിക്കുകയായിരുന്നു.
നാട്ടുകാരും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പൊള്ളലേറ്റവരെ ആദ്യം ജയ്‌സാല്‍മീറിലെ ജവഹര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.