
ചെന്നൈ: കരൂരില്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടി അനുമതി വാങ്ങിയത് പതിനായിരം പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക്. എന്നാല്‍ ഏകദേശം ഒന്നര ലക്ഷത്തോളം പേര്‍ വിജയിയെ കാണാന്‍ എത്തിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
റാലിക്കായി കരൂര്‍ ബസ് സ്റ്റാന്‍ഡ് റൗണ്ട് എബൗട്ട്, ലൈറ്റ് ഹൗസ് ഉള്‍പ്പെടെ നാല് സ്ഥലങ്ങളുടെ പട്ടികയാണ് ടിവികെ നല്‍കിയത്. എന്നാല്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ നാല് സ്ഥലങ്ങള്‍ക്കും പൊലീസ് അനുമതി നിഷേധിച്ചു. കരൂര്‍, ഈറോഡ് റോഡിലെ വേലുസാമിപുരത്താണ് പൊലീസ് യോഗത്തിന് അനുമതി നല്‍കിയത്.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാമക്കലിനെ റാലിക്കു ശേഷം വിജയ് കരൂരില്‍ എത്തിയത് വൈകിട്ട് ഏഴ് മണിക്കാണ്. രണ്ട് മണിവരെ നാലായിരം പേരാണ് കരൂരിലുണ്ടായിരുന്നത്. പരിപാടി വൈകുമെന്ന് അറിഞ്ഞതോടെ സമീപ ജില്ലകളില്‍ നിന്നു വരെ ആളുകള്‍ സ്ഥലത്തെത്തി.
ആയിരത്തിലേറെ കുട്ടികള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കാനെത്തി. നിന്ന സ്ഥലം നഷ്ടമാകാതിരിക്കാന്‍ പലരും ഭക്ഷണവും വെള്ളവും ഒഴിവാക്കി വിജയ്ക്കായി കാത്തുനിന്നു. വിജയുടെ ബസ് പാര്‍ക്ക് ചെയ്യുമെന്ന് അറിയിച്ച ഭാഗത്തും തിരക്ക് കൂടുതലായിരുന്നു. യോഗ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ ഓവര്‍ ബ്രിഡ്ജില്‍ വിജയ് 6 മണിയോടെ എത്തിയെങ്കിലും തിരക്ക് കാരണം യോഗ സ്ഥലത്തേക്ക് എത്താനായത് ഏഴ് മണിയോടെയാണ്.
വിജയിയുടെ വാഹനത്തിന് വഴിയൊരുക്കാന്‍ ജനക്കൂട്ടം നീങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍ തിക്കും തിരക്കും കൂടി. വെള്ളവും ഭക്ഷണവും ലഭിക്കാതെ നിന്ന ആളുകള്‍ ബോധരഹിതരായി. വെള്ളക്കുപ്പികള്‍ സംഘാടകര്‍ എത്തിച്ചിരുന്നെങ്കിലും തിരക്ക് കാരണം വിതരണം ചെയ്യാനായില്ല. വെള്ളം നല്‍കാനും പൊലീസ് സഹായം നല്‍കാനും പ്രസംഗത്തിനിടയില്‍ വിജയ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിനിടെ വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു നല്‍കി. ഇതെടുക്കാനായി ആളുകള്‍ തിരക്കിയതോടെ കുട്ടികളടക്കം നിലത്തു വീണു. തിരക്ക് മൂലം പൊലീസിനോ ആംബുലന്‍സിനോ സ്ഥലത്തെത്താനാകാതിരുന്നതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.
39 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ 25 പേര്‍ കരൂര്‍ സ്വദേശികളും മൂന്ന് പേര്‍ ഈറോഡ് സ്വദേശികളുമാണ്. എഴുര്‍പുതൂര്‍ സ്വദേശികളായ അമ്മയും മകളും അപകടത്തില്‍ മരണപ്പെട്ടു. പ്രിയദര്‍ശിനി മകള്‍ പതിനാല് വയസുള്ള ദര്‍ണിക എന്നിവരാണ് മരിച്ചത്. പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.