

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്ര. ധൻഖറിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ച അവർ കേന്ദ്ര സർക്കാരിനെതിരെ ഒഴിയമ്പെയ്യാനും അവസരം ഉപയോഗിച്ചു. ഈ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇനി പ്രഭാതസവാരിക്ക് ഇറങ്ങരുതെന്ന് മഹുവ എക്സ് പ്ലാറ്റ്ഫോമിലൂടെ മുൻ ഉപരാഷ്ട്രപതിയെ ഉപദേശിച്ചു. നരേന്ദ്ര മോദി സർക്കാരുമായുള്ള രൂക്ഷമായ ഭിന്നതകളെ തുടർന്ന് ഉപരാഷ്ട്രപതി പദവി രാജിവെക്കേണ്ടി വന്ന പശ്ചാത്തലം കൂടി ഓർമിപ്പിക്കുന്നതായിരുന്നു മഹുവയുടെ പ്രതികരണം.
ബുധനാഴ്ച രാവിലെ ന്യൂഡൽഹിയിൽ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് 75കാരനായ ജഗ്ദീപ് ധൻഖർ ബോധരഹിതനായി വീണത്. ഏതാനും മിനിറ്റുകളോളം അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസ് വാഹനത്തിൽ വസതിയിലെത്തിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ (ഐഎൽബിഎസ്) മെഡിക്കൽ സംഘവും എയിംസിലെ ഡോക്ടർ സന്ദീപ് സേത്തും വസതിയിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ പിന്നീട് ആംബുലൻസിൽ എയിംസിലേക്ക് മാറ്റുകയായിരുന്നു.
എയിംസിലെ കാർഡിയോ ന്യൂറോ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം കാർഡിയോളജി വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടിട്ടില്ല. 2022 ഓഗസ്റ്റ് മുതൽ 2025 ജൂലൈ 21ന് രാജിവെക്കുന്നതുവരെ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ധൻഖറിന് സമീപവർഷങ്ങളിൽ സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.
ധൻഖർ സാബിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും എന്നാൽ ഈ സർക്കാർ ഭരിക്കുമ്പോൾ ഇനി പ്രഭാതസവാരിക്ക് പോകരുതെന്നുമാണ് മഹുവ മൊയ്ത്ര കുറിച്ചത്. മുതിർന്ന നേതാവിന്റെ രോഗവിവരത്തിൽ പോലും രാഷ്ട്രീയം കലർത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തി. അതേസമയം, മഹുവയുടെ പരിഹാസത്തെ ഏറ്റുപിടിച്ചും നിരവധി പേർ പ്രതികരിച്ചു. ജഗ്ദീപ് ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന കാലം മുതൽ തൃണമൂൽ കോൺഗ്രസും മഹുവ മൊയ്ത്രയും അദ്ദേഹവുമായി കടുത്ത രാഷ്ട്രീയ ഭിന്നതയിലായിരുന്നു.
ഉപരാഷ്ട്രപതി പദവിയിൽനിന്ന് ധൻഖർ അപ്രതീക്ഷിതമായി പടിയിറങ്ങേണ്ടി വന്നതിന് പിന്നിലെ രാഷ്ട്രീയ നാടകങ്ങളിലേക്കാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റ് വിരൽചൂണ്ടുന്നത്. കാലാവധി തീരാൻ രണ്ടു വർഷം ബാക്കിനിൽക്കെയാണ് 2025 ജൂലൈ 21ന് ധൻഖർ രാജിവെച്ചത്. ആരോഗ്യകാരണങ്ങളാണ് ഔദ്യോഗികമായി പറഞ്ഞിരുന്നതെങ്കിലും നരേന്ദ്ര മോദി സർക്കാരുമായുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.
പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ ധൻഖർ സ്വീകരിച്ച ഏകപക്ഷീയമായ നിലപാടാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്. 63 പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഭരണപക്ഷവുമായി ആലോചിക്കാതെ ധൻഖർ സ്വീകരിക്കുകയായിരുന്നു. ലോക്സഭയിൽനിന്ന് തുടങ്ങുന്ന രീതിയിൽ സ്വന്തമായി ഒരു പ്രമേയം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതിനിടെയായിരുന്നു ധൻഖറിന്റെ ഈ നീക്കം. മുതിർന്ന മന്ത്രിമാർ ആശങ്ക അറിയിച്ചപ്പോൾ തന്റെ തീരുമാനം ഭരണഘടനാ ചട്ടങ്ങൾക്കുള്ളിലാണെന്ന നിലപാടാണ് ധൻഖർ സ്വീകരിച്ചത്. ഇതോടെ സർക്കാർ ബദൽ നീക്കങ്ങൾ ആരംഭിക്കുകയും ധൻഖറിന് മേൽ സമ്മർദം ശക്തമാക്കുകയും ചെയ്തു.
ഇതിന് മുൻപും പ്രധാനമന്ത്രിയുടെ ഓഫീസും ഉപരാഷ്ട്രപതിയുടെ ഓഫീസും തമ്മിൽ നിരവധി തവണ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തന്റെ അധികാരപരിധിക്ക് പുറത്തുള്ള നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ധൻഖർ ഇടപെടാൻ ശ്രമിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് കാരണമായി. സൻസദ് ടിവിയിലെയും നഗരവികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇതിൽ പ്രധാനമായിരുന്നു. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഉൾപ്പെടെയുള്ള വിദേശ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ, വിദേശ അതിഥികളുടെ സന്ദർശന പ്രോട്ടോക്കോൾ, ഔദ്യോഗിക വാഹനങ്ങൾ എന്നിവയെച്ചൊല്ലിയും ധൻഖർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഉപരിസഭയിൽ സഖ്യകക്ഷികളുടെ പിന്തുണയോടെ മുന്നോട്ടുപോകുന്ന എൻഡിഎ സർക്കാരിന് ധൻഖറിന്റെ സഭാനടത്തിപ്പിലും വലിയ അതൃപ്തിയുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർക്ക് ഭരണപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് സംസാരിക്കാൻ അവസരം നൽകിയതും കർഷക പ്രശ്നങ്ങളിലും സുരക്ഷാ വീഴ്ചകളിലും ധൻഖർ നേരിട്ട് ഇടപെട്ടതും ഭരണകക്ഷി നേതൃത്വത്തെ അസ്വസ്ഥരാക്കിയിരുന്നു.
ഒടുവിൽ ഭരണഘടനയുടെ 67 എ അനുച്ഛേദം പ്രകാരം ധൻഖർ നൽകിയ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിക്കുകയും ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് രാജ്യസഭയുടെ ചുമതല ഏൽക്കുകയും ചെയ്തു. ധൻഖറിന്റെ സേവനങ്ങളെ അംഗീകരിച്ചും ആരോഗ്യം ആശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ചുരുങ്ങിയ വാക്കുകളിലുള്ള സന്ദേശം കേന്ദ്രത്തിന് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. ആ രാഷ്ട്രീയ പശ്ചാത്തലം നിലനിൽക്കെയാണ് ധൻഖറിന്റെ ആശുപത്രി വാസത്തെക്കുറിച്ചുള്ള വാർത്തയിൽ മഹുവ മൊയ്ത്ര കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.