

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വച്ച് ഇന്ന് മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാർ ആക്രമിക്കപ്പെട്ടു. ഇന്ന് ഹാലിസാഹറിൽ വച്ച് അജ്ഞാതരായ ഗുണ്ടകൾ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് മമത സഞ്ചരിച്ച കാർ ആക്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നു എന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തെ ബംഗാളിലെ ബിജെപി നേതൃത്വവും തള്ളിപ്പറഞ്ഞു. മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ വൻ തോൽവിക്ക് ശേഷം, മാസങ്ങൾക്ക് മുൻപ് മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെയും സ്വന്തം മണ്ഡലത്തിൽ ഇത്തരമൊരു ആക്രമണം ഉണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചതായി ആരോപിക്കപ്പെടുന്ന ഒരു പാർട്ടി പ്രവർത്തകൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഹാലിസാഹറിൽ വച്ചാണ് മമതാ ബാനർജിയെ പ്രതിഷേധക്കാർ ആക്രമിച്ചത്.
പ്രതിഷേധക്കാർ തൃണമൂൽ നേതാവിൻ്റെ കാർ വളയുകയും, കല്ലും ഷൂസും വെള്ളക്കുപ്പികളും കാറിലിരുന്ന മമതയ്ക്ക് നേരെ എറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ "ചോർ ഭഗാവോ" (കള്ളന്മാരെ ഓടിക്കൂ) എന്ന മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി. സംഭവ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, അക്രമികൾ പ്രയോഗിച്ച ഇഷ്ടികകളും കല്ലുകളും ദേഹത്ത് വന്നിടിച്ചിരുന്നെങ്കിൽ താൻ മരിക്കുമായിരുന്നു എന്ന് മമതാ ബാനർജി പറഞ്ഞു.
"പുറത്തു നിന്നുള്ള സാമൂഹിക വിരുദ്ധർ പൊലീസിന് മുന്നിൽ വച്ച് എൻ്റെ കാറിന് നേരെ കല്ലെറിഞ്ഞു. എൻ്റെ കാറിൻ്റെ വിൻഡോ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ അവ എൻ്റെ തല പിളർക്കുമായിരുന്നു, ഞാൻ മരിക്കുമായിരുന്നു. ഇത്തരമൊരു ആക്രമണം ഞാൻ മുൻപ് ഒരിക്കലും നേരിട്ടിട്ടില്ല. പൊലീസ് ഞങ്ങളെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല. അവർ ബിജെപിക്ക് മാത്രമെ സംരക്ഷണം നൽകുന്നുള്ളൂ," മമതാ ബാനർജി ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
അതേസമയം ലോക്‌സഭാ എംപി കല്യാൺ ബാനർജി, രാജ്യസഭാ എംപി ഡോള സെൻ എന്നിവരും ബംഗാളിലെ ബിജെപി ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിനെ കൂട്ടുപിടിച്ചാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് കല്യാൺ ബാനർജി വിമർശിച്ചു. അതേസമയം, ആരോപണങ്ങൾ പശ്ചിമ ബംഗാൾ ബിജെപി നേതൃത്വം തള്ളി. ബംഗാളിലെ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ മുൻ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ലെന്നും കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.