ഭുവനേശ്വർ: വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും മൃഗ സംരക്ഷകയുമായ മനേകാ ഗാന്ധി. ഡൽഹിയിലെ വായു മലിനീകരണത്തിന് പിന്നിലെ പ്രധാന കാരണം പടക്കം പൊട്ടിക്കലാണെന്ന് അവർ പറഞ്ഞു.
രണ്ട് രാത്രി കൊണ്ട് 800 കോടി രൂപയുടെ പടക്കങ്ങൾ പൊട്ടിച്ചാൽ വായുവിന് എന്ത് സംഭവിക്കും? രാജ്യവ്യാപകമായി പടക്കങ്ങൾ നിരോധിക്കണം. പടക്കം പൊട്ടിക്കുന്നവരെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തണം, കാരണം അവരുടെ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവരും കഷ്ടപ്പെടുന്നുവെന്നും മനേകാ ഗാന്ധി പറഞ്ഞു. സർക്കാരിൽ നിന്ന് എല്ലാം പ്രതീക്ഷിക്കുന്നതിനു പകരം, വായു മലിനീകരണം തടയുന്നതിനായി ആളുകൾ ഒരു പ്രസ്ഥാനം ആരംഭിക്കണമെന്നും അവർ പറഞ്ഞു.
രാജ്യത്ത് ഒരു പശു പോലും കശാപ്പു ശാലയിലേക്ക് പോകരുതെന്നും, പശുക്കടത്ത് തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മനേകാ ഗാന്ധി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നപ്പോൾ ബീഫ് കയറ്റുമതി നിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം അത് പ്രകടന പത്രികയിൽ ഉണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, അത് ഇതുവരെ നിർത്തിയിട്ടില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു. തെരുവ് നായ്ക്കളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല ഉത്തരവിൽ സങ്കടമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.