

മണിപ്പൂർ: മണിപ്പൂർ കലാപക്കേസിൽ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിൻ്റെ ശബ്ദ സന്ദേശങ്ങൾ പരിശോധിക്കണമെന്ന് സുപ്രിം കോടതി. ശബ്ദരേഖ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറാനും കോടതി നിർദേശം നൽകി. പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനാണ് നിർദേശം. ഗാന്ധിനഗര്‍ ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
മെയ്തി സമുദായത്തിന് വേണ്ടി പക്ഷപാതപരമായി പ്രവർത്തിച്ചെന്ന ശബ്ദരേഖയാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുക. മണിപ്പൂർ കലാപ സമയത്ത് പുറത്തു വന്ന ബിരേൻ സിങിൻ്റെ ശബ്ദ സന്ദേശങ്ങൾ കുക്കി സംഘടനകളാണ് കോടതിയിൽ സമർപ്പിച്ചത്. ഈ ക്ലിപ്പുകളിൽ ബിരേൻ സിങ് മെയ്തി വിഭാഗത്തിന് അനുകൂലമായി സംസാരിക്കുന്നതും , കുക്കി വിഭാഗത്തോടുള്ള ശത്രുത പ്രകടിപ്പിക്കുന്നതായും കലാപത്തെ ലഘൂകരിച്ച് സംസാരിക്കുകയും ചെയ്തതായാണ് ആരോപണം.
മണിപ്പൂരിൽ നടന്ന വംശീയ കലാപം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ലെന്ന കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ പാർട്ടിയിലെ കുക്കി എംഎൽഎമാരും ഘടക കക്ഷികളും ബിജെപിയിലെ ചില എംപിമാരുമടക്കം ബിരേൻ സിങിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
2023ൽ ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഏകദേശം 250ഓളം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തോളം ആളുകൾ പലായനം ചെയ്തു. കലാപം തുടങ്ങി രണ്ടു വർഷമായിട്ടും പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിക്കാത്തതും രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.