

അപൂര്‍വ ഭൗമ കാന്തങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7,280 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിന്റര്‍ ചെയ്ത അപൂര്‍വ ഭൗമ സ്ഥിരം കാന്തങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ചത്.
പ്രതിവര്‍ഷം 6000 മെട്രിക് ടണ്‍ ഉത്പാദനം ലക്ഷ്യമിട്ടാണ് പദ്ധതി.
ഇലക്ട്രിക് വാഹനം, എയറോസ്‌പേസ്, പ്രതിരോധം, മെഡിക്കല്‍ ഡിവൈസ് നിര്‍മാണം എന്നിവയ്ക്കാണ് അപൂര്‍വ ഭൗമ മൂലകങ്ങള്‍ ഉപയോഗിക്കുന്നത്. ആഗോള മത്സരാധിഷ്ഠിത ലേലത്തിലൂടെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് മൊത്തം ശേഷി വീതിച്ചുനല്‍കും. ഓരോ ഗുണഭോക്താവിനും പ്രതിവര്‍ഷം 1,200 മെട്രിക് ടണ്‍ ഉത്പാദന ശേഷി വരെ അനുവദിക്കും.
പ്രഖ്യാപിച്ച തീയതി മുതല്‍ 7 വര്‍ഷമായിരിക്കും പദ്ധതിയുടെ ആകെ കാലാവധി. ഇതില്‍ ഒരു സംയോജിത അപൂര്‍വ ഭൂമി പെര്‍മനന്റ് മാഗ്‌നറ്റ്‌സ് (REPM) നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്നതിനുള്ള 2 വര്‍ഷത്തെ കാലയളവും വില്‍പ്പനയില്‍ പ്രോത്സാഹന വിതരണത്തിനുള്ള 5 വര്‍ഷവും ഉള്‍പ്പെടുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെ നട്ടെല്ലെന്ന് റെയര്‍ എര്‍ത്ത് മാഗ്നറ്റുകളെ വിശേഷിപ്പിക്കാം. അപൂര്‍വ ഭൗമ മൂലകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വളരെ ശക്തമായ കാന്തങ്ങളാണ് അപൂര്‍വ ഭൗമ പെര്‍മനന്റ് കാന്തങ്ങള്‍ (REPM). നിയോഡിമിയം, സമേറിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍, ഇരുമ്പ്, ബോറോണ്‍ തുടങ്ങിയ മറ്റ് ലോഹങ്ങളുമായി ചേര്‍ത്താണ് ഈ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത്.
നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ കാന്തങ്ങളാണ് ഇവ.
ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങളിലെ ജനറേറ്ററുകള്‍, സോളാര്‍ പാനലുകള്‍. സ്മാര്‍ട്ട്ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ഹെഡ്ഫോണുകള്‍, മൈക്രോഫോണുകള്‍, സ്‌കാനറുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, മിസൈല്‍ ഗൈഡന്‍സ് സിസ്റ്റങ്ങള്‍, റഡാറുകള്‍, മറ്റ് പ്രതിരോധ സംവിധാനങ്ങള്‍, റോബോട്ടുകള്‍, പമ്പുകള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള സെന്‍സറുകള്‍ എന്നിവയുടെ നിര്‍മാണത്തിനായാണ് ഇത് ഉപയോഗിക്കുന്നത്.
ഈ അപൂര്‍വ ഭൂമി മൂലകങ്ങളുടെ വിതരണത്തില്‍ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 60 മുതല്‍ 70 ശതമാനം വരെ ചൈനയില്‍ നിന്നാണ്. ഖനനം മുതല്‍ ശുദ്ധീകരണം, അലോയി നിര്‍മ്മാണം, കാന്തം നിര്‍മ്മാണം വരെയുള്ള മുഴുവന്‍ മൂല്യ ശൃംഖലയും ചൈന ഒറ്റയ്ക്ക് നിയന്ത്രിക്കുന്നു. കുറഞ്ഞ തൊഴിലാളി ചെലവും കര്‍ശനമല്ലാത്ത പാരിസ്ഥിതിക നിയമങ്ങളും സര്‍ക്കാര്‍ സബ്‌സിഡികളുമാണ് ചൈനീസ് വ്യവസായത്തിന് മുന്‍തൂക്കം നല്‍കുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഈ കാന്തങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതിനാല്‍, ഈ ആശ്രിതത്വം കുറയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ 7,280 കോടി രൂപയുടെ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.