

പഹല്‍ഗാം ഭീകരാക്രമണം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ ത്വയ്ബ, ദ റസിസ്റ്റന്റ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളില്‍ ഉള്‍പ്പെടുന്നവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
ഭീകരാക്രണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ ഭീകരസംഘടനകള്‍ക്കുള്ള പങ്കും വ്യക്തമാക്കുന്ന തെളിവുകളുമടക്കമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും ലഷ്‌കറിന് കീഴിലുള്ള ടിആര്‍എഫ് ആണ് നടപ്പാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
1597 പേജുള്ള കുറ്റപത്രത്തില്‍ ഭീകരവാദികളായ ഫൈസല്‍ ജാട്ട് (സുലൈമാന്‍ ഷാ), ഹബീബ് താഹിര്‍ (ജിബ്രാന്‍), ഹംസ അഫ്ഗാനി എന്നീ പേരുകള്‍ക്കൊപ്പം പാകിസ്ഥാനിയായ സജിദ് ജാട്ട് എന്നയാളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളാണ് മുഖ്യ സൂത്രധാരന്‍ എന്നും കുറ്റപത്രത്തില്‍ പറയുന്നു.
സാജിദ് ജാട്ട് ആണ് ടിആര്‍എഫിന്റെ തലവന്‍. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫൈസല്‍ ജാട്ട്, ഹബീബ് താഹിര്‍, ഹംസ അഫ്ഗാനി എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ കൊലപ്പെട്ടിയിരുന്നു. ജൂലൈയില്‍ ശ്രീനഗറിലെ പ്രാന്തപ്രദേശമായ ദാചിഗാമിലെ വനത്തില്‍ വെച്ച് നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ലഷ്‌കര്‍ ഇ ത്വയ്ബ, ടിആര്‍എഫ് ഭീകരര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും, 1959ലെ സായുധ നിയമം, 1967ലെ യുഎപിഎ എന്നീ നിയമങ്ങളും ചുമത്തിയിട്ടുണ്ട്.
കുറ്റപത്രത്തില്‍ ഭീകരര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയ പ്രദേശവാസികളായ ബഷീര്‍ അഹമ്മദ് ജോഥര്‍, പര്‍വേസ് അഹമ്മദ് ജോഥര്‍, മുഹമ്മദ് യൂസുഫ് കത്താരി എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്.