
ബുബനേശ്വർ: ഒഡീഷയില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.
പ്രിന്‍സിപ്പാള്‍ ദിലീപ് ഘോഷിനെതിരെ വിദ്യാര്‍ഥിനിയുടെ കുടുംബം ഇന്ന് ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. വകുപ്പ് മേധാവിയായ സമീര്‍ കുമാര്‍ സാഹുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെയും പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് രംഗത്തെത്തി. മകള്‍ പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പാള്‍ ഗൗരവത്തിലെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. പ്രിന്‍സിപ്പിളാനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒഡീഷയിലെ ബാലസോറില്‍ ഫാകീര്‍ മോഹന്‍ കോളേജിലെ ബിഎഡ് വിദ്യാര്‍ഥി കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസിന്റെ മുന്നിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 95 ശതമാനം പൊള്ളലേറ്റ് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള കോളേജ് അധികൃതരും ഉത്തരവാദികളാണെന്ന് സഹോദരനും പറഞ്ഞു.
തന്റെ പരാതിയില്‍ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ് 20 കാരിയായ വിദ്യാര്‍ഥിനി ഏതാനും ദിവസം മുന്‍പ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. കോളേജിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി മോഹന്‍ മാജിയും വിഷയത്തിലിടപെട്ടു.
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സുതാര്യമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന ഡിജിപിയോട് നിര്‍ദേശിച്ച ദേശീയ വനിതാ കമ്മീഷന്‍ കേസിലെ നടപടി റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ മൂന്നംഗ സമിതി കോളേജ് പ്രിന്‍സിപ്പലില്‍നിന്ന് മൊഴി രേഖപ്പെടുത്തി. വിദ്യാര്‍ഥികളോടും സമിതി അംഗങ്ങള്‍ സംസാരിച്ചു.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്നായിരുന്നു വകുപ്പ് മേധാവിയുടെ ഭീഷണി. ഇന്നലെ കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധവുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെയാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പാളിന്റെ മുന്നിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. തീപിടിച്ച യുവതി കോളജ് വരാന്തയിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളില്‍. രക്ഷിക്കാനെത്തിയ മറ്റൊരാളുടെ ദേഹത്തേക്കും തീ പടരുന്നത് കാണാം.