ഡൽഹി: വോട്ട് ചോരി ആരോപണങ്ങൾ തെളിയിക്കാനായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ്റെ പ്രതികരണം പ്രദർശിപ്പിച്ച് രാഹുൽഗാന്ധി. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ കശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ പറയുന്ന വീഡിയോയാണ് രാഹുൽ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതൊക്കെ കാണുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു.
ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി വോട്ട് കൊള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഇതിനിടെയാണ് കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ രാഹുൽ പ്രദർശിപ്പിച്ചത്.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തൃശൂരിൽ നിന്നും പറഞ്ഞ വാക്കുകളാണ് രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. "ബിജെപി നേതാവ് ഇത് തുറന്നുപറഞ്ഞു, ഞങ്ങൾ അത് തെളിയിച്ചു", ബി. ഗോപാലകൃഷ്ണൻ്റെ പ്രസ്താവന പ്രദർശിപ്പിച്ച ശേഷം രാഹുൽ പറഞ്ഞു.
ബിജെപി ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. നാളെയും ചെയ്യും. താൻ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാൾ ജമ്മു കശ്മീരിലുണ്ടെങ്കിൽ, അയാൾ അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവർഷം താമസിച്ച് വോട്ട് ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും അന്ന് ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.
"സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024 ൽ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി? ഏത് വിലാസത്തിൽ വേണമെങ്കിലും വോട്ട് ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും, " ബി. ഗോപാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.