

നാഗ്പുർ: ബംഗ്ലാദേശിലും ഫ്രാൻസിലും നേപ്പാളിലും ഉണ്ടായ സംഭവവികാസങ്ങൾക്ക് സമാനമായ ഭരണമാറ്റ ശ്രമങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചൊവ്വാഴ്ച നാഗ്പുരിൽ നടന്ന ആർഎസ്എസിന്റെ വിജയദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിലെ നിലവിലെ സംഘർഷങ്ങളെയും ബംഗ്ലാദേശിലും നേപ്പാളിലും നേരത്തെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെയും പരാമർശിച്ച ഭാഗവത്, ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ലെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ ഉറച്ച നിലപാടും സമൂഹത്തിന്റെ കൂട്ടായ കരുത്തുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ ഉയരുമ്പോൾ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുന്നത് സ്വാഭാവികമാണെന്ന് ഭാഗവത് പറഞ്ഞു. എന്നാൽ അവയുടെ ലക്ഷ്യം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലായിരിക്കണം, സമൂഹത്തിൽ വിദ്വേഷം വളർത്തലാകരുത്. ഭരണഘടനാപരമായ മര്യാദകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടും വിലകുറഞ്ഞ ജനപ്രീതിയും ലക്ഷ്യമിട്ടാകരുത് പ്രക്ഷോഭങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് യഥാർഥ പരിഹാരം കണ്ടെത്താൻ പരസ്പര സംവാദവും ചർച്ചയുമാണ് ആവശ്യമെന്നും ഭാഗവത് പറഞ്ഞു.
സമൂഹത്തിൽ അസംതൃപ്തിയും ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കാൻ വിവിധ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് ഭാഗവത് മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങളിൽ ജാഗ്രത പുലർത്തണമെന്നും രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയും സാമൂഹിക ഐക്യവും നിലനിർത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.