

ബെംഗളൂരു: പൊതു സ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച് നഗരവികസന വകുപ്പിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി വി. ലക്ഷ്മിനാഥ് കത്തെഴുതി.
പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് സംബന്ധിച്ച് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ശല്യമോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന പ്രദേശങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പൂര്‍ണ്ണമായും നിരോധിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു.
നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രം തീറ്റ കൊടുക്കുക, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിമിത മണിക്കൂറുകളില്‍ മാത്രമായിരിക്കണം തീറ്റ നല്‍കേണ്ടത്. കൂടാതെ പരിപാലന ഉത്തരവാദിത്തങ്ങള്‍ ചാരിറ്റബിള്‍ സംഘടനകള്‍ക്കോ എന്‍ജിഒകള്‍ക്കോ നല്‍കണം, തുടങ്ങിയവയാണ് നിര്‍ദേശം.
നിയമലംഘനങ്ങള്‍ക്ക് സ്ഥലത്തുതന്നെ മുന്നറിയിപ്പുകള്‍ നല്‍കാനോ പിഴ ചുമത്താനോ നടപടി സ്വീകരിക്കാനോ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും. പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്്.
ഡിസംബര്‍ 16 നാണ് കത്ത് ആരോഗ്യവകുപ്പ് കത്ത് നല്‍കിയത്. പ്രാവുകളുടെ കാഷ്ഠവും തൂവലുകളും മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
പ്രാവുകളുടെ കാഷ്ഠം ഉണങ്ങിപ്പൊടിഞ്ഞ് വായുവില്‍ കലരുന്നത് ശ്വസിക്കുന്നത് വഴി ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ് പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും. കുട്ടികളിലും വയോധികരിലും ഇത് കൂടുതല്‍ അപകടമുണ്ടാക്കും.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രാവുകള്‍ അമിതമായി പെരുകുന്നത് വലിയ രീതിയിലുള്ള മാലിന്യപ്രശ്‌നങ്ങളുണ്ടാക്കുന്നതും നടപടി സ്വീകരിക്കാനുള്ള കാരണമാണ്. എല്ലായിടത്തും പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് അവ ഒരിടത്ത് തന്നെ കൂട്ടമായി തങ്ങാന്‍ കാരണമാകുന്നു. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍, ഇത് നിയന്ത്രിക്കാനും നിശ്ചിത സ്ഥലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയതിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.